പാലക്കാട്: കല്ലടിക്കോട് അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിതവേഗതയെന്ന് പ്രാഥമിക നിഗമനം. അമിതവേഗത്തിൽ വലതുവശം ചേർന്നാണ് കാർ വന്നതെന്നും ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ലോറി ഡ്രൈവർ മൊഴി നൽകി. പൊലീസും ഇക്കാര്യമാണ് പറയുന്നത്. കാറിൽ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 11.20ഓടെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചുപേരാണ് മരിച്ചത്. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ.കെ. വിജേഷ്, ടി.വി. വിഷ്ണു, രമേശ്, മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപമാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും എതിരെ മണ്ണാർക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കല്ലടിക്കോട് പൊലീസും നാട്ടുകാരും ചേർന്നാണ് കാർ യാത്രികരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാർ പാടെ തകർന്നു. പലരും കാറിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലാണുള്ളത്.
യുവാക്കൾ സഞ്ചരിച്ച കാർ വാടകക്ക് എടുത്തതാണ്. മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ലോറി ഡ്രൈവർക്ക് ചെറിയ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.