മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ദിനം കൂടിയായ ഇന്ന് രാവിലെ ഏഴുമണിയോടെ സന്ദീപ് സന്ദർശിച്ചത്. ഇന്നലെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ സന്ദീപിനെതിരെ സി.പി.എം നൽകിയ മുഴുപ്പേജ് പരസ്യം വിവാദമായി കത്തുന്നതിനിടെയാണ് സന്ദർശനം.
തങ്ങളുടെ ആരോഗ്യവിവരങ്ങളും മറ്റും അന്വേഷിച്ച സന്ദീപുമായി തങ്ങൾ അൽപനേരം സൗഹൃദസംഭാഷണം നടത്തി. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പപ് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.പി. ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു.
മതപരവും ആത്മീയവും സാമുദായിക വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നൽകുന്ന പണ്ഡിതശ്രേഷ്ടരാണ് ജിഫ്രി തങ്ങളെന്നും സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും കാണാൻ സാധിച്ചതിലും അനുഗ്രഹം തേടാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തും. കേരളത്തിലെ വിവിധ സമൂഹികവിഭാഗങ്ങളെ നയിക്കുന്ന പ്രകാശഗോപുരങ്ങളാണ് പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും അടക്കമുള്ള നേതാക്കളെന്നും അവരെ കാണുന്നതിൽ മുഖ്യമന്ത്രിയടക്കമുള്ളവർ സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിലാണ് സി.പി.എം സന്ദീപിനെതിരെ പത്രപരസ്യം നൽകിയത്. പരസ്യത്തിന്റെ ഉള്ളടക്കം വ്യാപകമായി വിമർശിക്കപ്പെട്ടതിന് പിന്നാലെ, സമസ്ത നേതൃത്വം തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതോടെ പാർട്ടി ആഗ്രഹിച്ചതിന് വിപരീതഫലമാണ് പത്രപരസ്യം ഉണ്ടാക്കിയത്.
സമസ്ത എ.പി വിഭാഗത്തിന്റെ ‘സിറാജ്’, സമസ്ത ഇ.കെ വിഭാഗത്തിന്റെ ‘സുപ്രഭാതം’ പത്രങ്ങളുടെ മുൻപേജിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരസ്യം ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ വാർത്തയെന്ന് തോന്നുംവിധം വിന്യസിച്ച പരസ്യത്തിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്ത പത്രങ്ങൾ ഏതൊക്കെയെന്നതും സി.പി.എമ്മിന്റെ ഉള്ളിലിരുപ്പ് വിളിച്ചുപറയുന്നതായിരുന്നു.
കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ സംഘ്പരിവാർ കാലത്തെ തീവ്ര ഹിന്ദുത്വ നിലപാടുകളും ചിത്രവും ചേർത്തുള്ളതാണ് പരസ്യം. വോട്ടെടുപ്പിന്റെ തലേന്ന് സി.പി.എം ഇത്തരമൊന്ന് തയാറാക്കിയത് സന്ദീപിനെ സ്വീകരിച്ച കോൺഗ്രസിനെതിരെ മുസ്ലിം വോട്ടർമാരുടെ വികാരം ഇളക്കിവിടാനാണ്.
പരസ്യം അച്ചടിച്ചുവന്നപ്പോൾ സംഭവിച്ചത് മറിച്ചാണ്. മുസ്ലിം വോട്ടിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കമാണിതെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. ഒറ്റനോട്ടത്തിൽ തന്നെ പ്രകോപനം സൃഷ്ടിക്കുന്ന സി.പി.എം പരസ്യം മുസ്ലിം വോട്ടുകൾ ചിതറിപ്പോകാനിടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെട്ടു. മുസ്ലിം വോട്ടുകൾ ഭിന്നിച്ചാൽ ബി.ജെ.പിക്കാണ് നേട്ടമെന്നിരിക്കെ, സി.പി.എമ്മിന്റെ യഥാർഥ ലക്ഷ്യമെന്ന ചോദ്യവും പൊതു ചർച്ചകളിൽ നിറഞ്ഞു.
സന്ദീപിന്റെ സംഘ്പരിവാർ ബന്ധത്തേക്കാൾ, അതിന്റെ പേരിൽ പ്രകോപനമുണ്ടാക്കി മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കത്തോടുള്ള അമർഷമാണുയർന്നത്. ‘സുപ്രഭാതം’ പരസ്യം തള്ളി സമസ്ത നേതൃത്വം രംഗത്തുവന്നത് അതുകൊണ്ടാണ്.
അതേസമയം, സന്ദീപിനെ പോലുള്ളവരെ ചേർത്തുപിടിക്കുന്ന കോൺഗ്രസിന്‍റെ ഹിന്ദുത്വ ആഭിമുഖ്യം ഉയർത്തിക്കാനാണ് ശ്രമിച്ചതെന്ന് സി.പി.എം വിശദീകരിക്കുന്നു. എന്നാൽ, അങ്ങനെയെങ്കിൽ എന്തുകൊണ്ട് പരസ്യം മറ്റ് മുഖ്യധാരാ പത്രങ്ങളിൽ നൽകിയില്ല, സ്വന്തം പാർട്ടി പത്രത്തിൽ പോലും വന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് സി.പി.എമ്മിന് തൃപ്തികരമായ മറുപടിയില്ല. ഇവയെല്ലാം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസും മുസ്ലിം ലീഗും സി.പി.എമ്മിനെ ചൊവ്വാഴ്ച കടന്നാക്രമിച്ചത്. ഷാഫി പറമ്പിലെതിരെ വടകരയിൽ ബൂമറാംഗായ മാറിയ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം പത്രപരസ്യ വിവാദവും ചേർത്തുപറയാനും പ്രതിപക്ഷത്തിന് അവസരമായി.