കണ്ണൂർ: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് അപേക്ഷ സമർപ്പിച്ച പരിയാരം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ പ്രശാന്തിന് നോട്ടീസ്. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആണ് മെമ്മോ നൽകിയത്. നാളെ ഉച്ചയ്ക്ക് മുമ്പ് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ വശം നേരിട്ട് എത്തിക്കുകയായിരുന്നു. നാളെ മെഡിക്കൽ എജുക്കേഷൻ ജോയിൻറ് ഡയറക്ടർ മുമ്പാകെ ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്.
പരിയാരത്ത് ഇലക്ട്രീഷ്യനായ പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാനാകുമോ, വരുമാനം എവിടെ നിന്നാകുമെന്ന ചോദ്യങ്ങൾ എഡിഎമ്മിറെ മരണത്തിന് പിന്നാലെ തന്നെ ഉയർന്നതാണ്. ടിവി പ്രശാന്തിൻറെ തസ്തികയുടെ കാര്യത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പിനും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എന്നാൽ ഇയാൾ സർവീസിൽ വേണ്ടെന്നതാണ് നിലപാടെന്നും നടപടിക്രമങ്ങൾ നിയമോപദേശം കൂടി പരിഗണിച്ച് പൂർത്തിയാക്കി പ്രശാന്തിനെ പിരിച്ചുവിടുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ടും മുഴുവൻ ജീവനക്കാരെയും ഇതുവരെ സർക്കാർ സർവ്വീസിലേക്ക് മാറ്റിയിട്ടില്ല. റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലാണ് പ്രശാന്ത്. പട്ടികയിലുള്ളവർക്കും ശമ്പളം ട്രഷറിയിൽ നിന്നാണ് നൽകുന്നത്. കൈക്കൂലി കൊടുക്കുന്നത് ആരായാലും ഗുരുതര കുറ്റമാണെന്നിരിക്കെ പണം കൊടുത്തത് തുറന്ന് പറഞ്ഞിട്ടും പ്രശാന്തിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.