അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.975 കോടി രൂപ ഇതിനായി വകയിരുത്തി. തുകയുടെ 40 ശതമാനമായ 79 ലക്ഷം രൂപ സ്‌കൂളുകൾക്ക് കൈമാറി. പ്രീ പ്രൈമറി, എലിമെന്ററി വിഭാഗത്തിന് 10 ലക്ഷം രൂപ വീതവും ഹയർസെക്കന്ററിക്ക് 12.50 ലക്ഷം രൂപയുമാണ് ഒരു ക്ലാസ് മുറിക്കായി അനുവദിച്ചത്.
ജിഎൽപിഎസ് ഇടവേലി, ജിഎച്ച്എസ് തടിക്കടവ്, ജിഎച്ച്എസ്എസ് ചുഴലി എന്നിവിടങ്ങളിൽ പ്രീ പ്രൈമറിക്ക് മൂന്ന് ക്ലാസ് മുറികൾ വീതം അനുവദിച്ചു. ജിഎച്ച്എസ്എസ് പാല, ജിയുപിഎസ് തില്ലങ്കേരി എന്നിവിടങ്ങളിൽ എലിമെന്ററി വിഭാഗത്തിൽ ഒരു യൂനിറ്റ് വീതം ക്ലാസ് മുറി അനുവദിച്ചു. ആകെ 1.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
അതോടൊപ്പം ഹയർസെക്കന്ററി വിഭാഗത്തിൽ 87.50 ലക്ഷം രൂപയും വകയിരുത്തി. അതിൽ ജി എച്ച് എസ് എസ് പാലയ്ക്ക് രണ്ട് ക്ലാസ് മുറികളും, ജിഎച്ച്എസ്എസ് ചാവശ്ശേരിക്ക് മൂന്ന് ക്ലാസ്മുറികളും ജിഎച്ച്എസ്എസ് അരോളിക്ക് ഒരു ക്ലാസ് മുറിയും ടാഗോർ വിദ്യാനികേതന് ഒരു ക്ലാസ് മുറിയുമാണ് അനുവദിച്ചത്.
സ്റ്റാർ 2023-24 യുപി സ്‌കൂളിന് എലിമെന്ററി വിഭാഗത്തിൽ ഫർണിച്ചർ ഒരു യൂണിറ്റിന് 6200 രൂപ വീതം 169 യൂനിറ്റ് അനുവദിച്ചു. ആകെ 10.472 ലക്ഷം രൂപ ഇതിനായി ഗ്രാന്റ് അനുവദിച്ചു. ജിഎച്ച്എസ് എസ് വയക്കരയ്ക്കാണ് ഏറ്റവും കൂടുതൽ ഫർണിച്ചർ ലഭ്യമായത്. 300 കുട്ടികൾക്കായി 150 ഫർണിച്ചർ സെറ്റാണ് നൽകിയത്. ഒരു സെറ്റിൽ ഒരു മേശയും രണ്ട് കസേരകളും ഉൾപ്പെടും. 9.316 ലക്ഷം രൂപ അതിനായി വകയിരുത്തി. അതോടൊപ്പം ജിയുപിഎസ് മൊറാഴയ്ക്ക് 38 കുട്ടികൾക്കായി 19 യൂനിറ്റ് ഫർണിച്ചർ സെറ്റും നൽകി. 1.156 ലക്ഷം ഇതിനായി നൽകിയതായി സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വിനോദ്. ഇ.സി പറഞ്ഞു.