Monday, February 24, 2025
HomeKannurവനം മന്ത്രിക്ക് നേരെ കരിങ്കൊടി; ആറളത്ത് വന്‍ പ്രതിഷേധം

വനം മന്ത്രിക്ക് നേരെ കരിങ്കൊടി; ആറളത്ത് വന്‍ പ്രതിഷേധം

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികളായ വയോധികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.പത്തിലേറെ പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാട്ടിയത്. സര്‍വകഷി യോഗത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു സംഭവം.

പ്രതിഷേധക്കാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ അല്‍പനേരം മന്ത്രിയുടെ വാഹനം റോഡിലായി. തുടര്‍ന്ന് പൊലീസ് ഇറങ്ങി ബലംപ്രയോഗിച്ചാണ് പ്രതിഷേധക്കാരെ മാറ്റിയത്. പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, ആറളം ഫാമില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. ആരെയും അകത്തേക്ക് കയറ്റിവിടില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വന്യജീവി ആക്രമണത്തിന് ശ്വാശ്വതമായ പരിഹാരം തുടരുംവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറയുന്നത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം തുടങ്ങി. ജനപ്രതിനിധികള്‍, സിസിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

സ്ഥലത്തെത്തിയ സിപിഎം – കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. കെ സുധാകരന്‍, എംവി ജയരാജന്‍, എം പ്രകാശന്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്നലെയാണ് കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ വെള്ളി (70), ലീല (68) ദമ്പതികള്‍ കൊല്ലപ്പെട്ടത്. ആറളം ഫാമില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു ഇരുവരും.ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലായിരുന്നു സംഭവം. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ഉന്നതല യോഗം

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം നടക്കുക. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, വനം വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!