തലശേരി: പെട്ടിപ്പാലം കോളനി പരിസരത്ത് ഇന്നലെയുണ്ടായ കടലാക്രമണത്തിൽ രണ്ടു വീടുകൾ തകർന്നു. നിരവധി വീടുകൾ അപകട ഭീഷണിയിൽ. കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളനിവാസികൾ അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ സ്ഥലത്തുനിന്നും മാറില്ലെന്ന നിലപാടിലാണ് ഇവർ. ഇന്നലെ രാവിലെ ആറോ ടെയാണ് പെട്ടിപ്പാലം കോളനി പരിസരത്ത് കടലാക്രമണം രൂക്ഷമായത്. വീടിനകത്തേക്ക് തിരമാലകൾ ഇരച്ചു കയറിയതിനാലാണ് രണ്ടുവീടുകൾ തകർന്നത്. വലിയ നാശനഷ്ടമാണ് കോളനിയിൽ ഉണ്ടായത്.
വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. ദേശീയ പാതയിലേക്ക് പോലും കടൽ ഇരമ്പിയെത്തി. പ്രദേശത്ത് ഫയർഫോഴ്സും ക്യാമ്പ് ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് നഗരസഭ ചെയർമാൻ കെ.എം. ജമുന റാണി മറ്റ് ഉദ്യാഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. രൂക്ഷമായ കടലാക്രമണ സാധ്യത തുടരുമ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ അവിടെ തന്നെ കഴിയുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ സ്ഥലത്തുനിന്ന് മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.