കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ
അറസ്റ്റിൽ. തലശ്ശേരി റോഡിൽ നിർദ്ദിഷ്ട ബസ് സ്റ്റാന്റ് പരിസരത്തെ എൻ.എച്ച് 1985 എന്ന ഹോട്ടലിന്റെ ഉടമ മൂര്യാട് സ്വദേശി
നൗഫൽ (39), സുഹൃത്ത് കണ്ണൂർ കക്കാട് സ്വദേശി സഹദ് (37) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇതേ ഹോട്ടലിലെ ബില്ലിംഗ് സ്റ്റാഫായ വയനാട് സ്വദേശി അനസ് ചാൾസിനാണ് (20) ക്രൂരമായ മർദ്ദനമേറ്റത്. ബില്ലിംഗിൽ
തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് ജീവനക്കാരൻ അനസ് ചാൾസിനെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിനിടെ രക്ഷപ്പെട്ട ചാൾസ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു
പൊലീസ് എത്തിയാണ് അനസ് ചാൾസിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, കൂത്തുപറമ്പ് എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.