തളിപ്പറമ്പ് : നിർമാണം നടക്കുന്ന ദേശീയപാത ബൈപ്പാസിൽ മണ്ണിടിയുന്നു. പട്ടുവത്ത് റോഡിനായി കുഴിച്ച ഭാഗവും സമീപസ്ഥലങ്ങളുമാണ് ഇടിഞ്ഞുവീഴുന്നത്. റോഡിനായി ഇരുപത് മീറ്ററോളം താഴ്ചയിൽ ഇവിടെ മണ്ണ് നീക്കിയിരുന്നു. മണ്ണ് ഇടിഞ്ഞുവീഴാതിരിക്കാൻ വശങ്ങളിൽ സിമന്റ് പൂശിയ ഭാഗവും കഴിഞ്ഞ ദിവസം അടർന്നുവീണു. 15 മീറ്ററോളം താഴ്ചയുണ്ടിവിടെ. മണ്ണിടിച്ചിൽ സമീപത്തെ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്.
ബൈപ്പാസിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കീഴാറ്റൂർ-മാന്ധംകുണ്ടിലെ നീളമേറിയ പാലം കഴിഞ്ഞാൽ മണ്ണ് നീക്കിയതിനിടയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മണ്ണെടുത്ത ഭാഗം സിമന്റ് തേച്ച് ബലപ്പെടുത്താനുള്ള പ്രവൃത്തി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ശാശ്വതമല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഉറപ്പില്ലാത്ത മണ്ണാണ് പട്ടുവം റോഡ് മുതൽ കണിക്കുന്ന് വരെയുള്ളത്.
ശാസ്ത്രീയമായ രീതിയിൽ മണ്ണിടിച്ചിലുള്ള ഭാഗം ബലപ്പെടുത്തുന്നില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്. കഴിഞ്ഞവർഷത്തെ മഴയിൽ മണ്ണിടിഞ്ഞുവീണത് ഇപ്പോഴും നീക്കിയിട്ടില്ല. മണ്ണിടിച്ചിലിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ഗതാഗതം തുടങ്ങിയാൽ അപകടസാധ്യയുണ്ടെന്ന ആശങ്കയുമുണ്ട്.