പയ്യന്നൂര്‍: ലഹരി മാഫിയകൾ രാമന്തളി എട്ടിക്കുളം പാലക്കോട്ടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ലഹരി മാഫിയകളെ നിലയ്ക്ക് നിര്‍ത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. സമീപകാലത്തായി സഞ്ചാര സ്വാതന്ത്ര്യത്തിന്‌പോലും ഇത്തരക്കാർ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പാലക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഇന്നലെ അടിയന്തിര യോഗം ചേര്‍ന്ന് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിലപാടെടുത്തത്.
പാലക്കോട് പ്രദേശത്തെ ഹോട്ടലുകളുടെ രാത്രികാല പ്രവര്‍ത്തന സമയം 11വരെ മാത്രം മതിയെന്നാണ് തീരുമാനം. ലഹരി വില്പനലിസ്റ്റിലുള്ള ആളുകളെ രാത്രി 9.30ന് ശേഷം പുറത്ത് കാണാന്‍ പാടില്ല. നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ, മദ്യം ഉള്‍പ്പെടെയുള്ള എല്ലാ ലഹരി ഉത്പന്നങ്ങളും വില്പന നടത്തുന്നത് ശ്രദ്ധയില്‍ പ്പെട്ടാല്‍ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പുമുണ്ട്.
അതിനുണ്ടാവുന്ന കേസും മറ്റു ചെലവകളും പാലക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി വഹിക്കുമെന്നുമാണ് യോഗത്തിലെടുത്ത മറ്റൊരു തീരുമാനം.
കഴിഞ്ഞ ദിവസം എട്ടിക്കുളത്തേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന ചിലര്‍ പാലക്കോട് കയ്യേറ്റത്തിനിരയായ സംഭവമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് പാലക്കോട്ടെ ജനങ്ങളിലുണ്ടായത്. ഈ സംഭവത്തെ തുടര്‍ന്നാണ് പാലക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഇന്നലെ അടിയന്തിര യോഗം ചേര്‍ന്ന് ലഹരി വിരുദ്ധ കമ്മിറ്റിയുണ്ടാക്കി ശക്തമായ തീരുമാനങ്ങളെടുത്തത്. കമ്മിറ്റി പ്രസിഡന്റ് കെ.സി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.സി.ഖാദര്‍, ടി.പി.സുബൈര്‍, എം.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിറ്റി തീരുമാനങ്ങള്‍ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നുമുണ്ട്.