കണ്ണൂർ | നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കാൻ അധികൃതർ തുടരുന്ന അലംഭാവത്തിന് എതിരേ കണ്ണൂർ-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തും.
ദേശീയപാത-66 പൂർത്തിയാകുമ്പോൾ നടാൽ ഗേറ്റ് കടന്ന് വരുന്ന ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ചാല അമ്പലം വരെ ചെന്ന് അവിടെ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകണം എന്നാണ് അധികൃതരുടെ നിർദേശം.
ഇതിനായി ഏഴ് കിലോമീറ്ററോളം അധികം ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും സർവീസുകൾ പലതും ഒഴിവാക്കേണ്ടി വരുമെന്നും ബസ്സ് ഉടമകൾ പറയുന്നു.
ഗേറ്റ് കടന്ന് പടിഞ്ഞാറ് വശത്തെ സർവീസ് റോഡിലൂടെ സഞ്ചരിച്ച് എടക്കാട്ടെ അടിപ്പാത വഴി തലശ്ശേരി ഭാഗത്തേക്ക് പോകണമെന്ന നിർദേശം പ്രായോഗികമല്ല. സർവീസ് റോഡിലൂടെ ഒരുവശത്തേക്ക് ഞെരുങ്ങിയാണ് വലിയ വാഹനങ്ങൾ പോകുന്നത്.
ഒ.കെ.യു.പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്ന് ആവശ്യത്തിന് ഇതുവരെ അനൂകല മറുപടി ലഭിച്ചില്ല. ഇതിനെ തുടർന്നാണ് ശക്തമായ പ്രക്ഷോഭം നടത്താൻ ബസ്സുടമകൾ തീരുമാനിച്ചത്.
കോഴിക്കോട്ടേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ, തോട്ടട കിഴുന്നപ്പാറ, എടക്കാട് തലശ്ശേരി റൂട്ടുകളിൽ ഓടുന്ന ബസുകളും സർവീസ് നിർത്തിവെക്കും.
തലശ്ശേരിയിലേക്കുള്ള സ്വകാര്യ ബസുകൾ കൂടി സർവീസ് നിർത്തുന്ന സാഹചര്യത്തിൽ യാത്രക്ലേശം കൂടും. കോഴിക്കോട്ടേക്കുള്ള കെ എസ് ആർ ടി സി ബസുകൾ മാത്രമാകും ആശ്രയം.