കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ്റെ മൊഴിയെടുക്കുന്നു. അന്വേഷണ ചുമതലയുള്ള ജോയിൻ്റ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി. നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും പൂർണമായും സഹകരിക്കുമെന്നുമായിരുന്നു കളക്ടറുടെ നിലപാട്. കൂടാതെ അന്വേഷണസംഘത്തോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും കളക്ടർ വ്യക്തമാക്കി.
ഇതിനിടെ കളക്ടറെ മാറ്റണമെന്നുള്ള സമ്മർദം റവന്യൂ വകുപ്പിനു മേൽ ശക്തമായിരിക്കുകയാണ് എന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കും. കൂടാതെ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
നവീൻ ബാബുവിന്റെ കുടുംബവും കളക്ടർക്കെതിരായ നിലപാടിലാണ്. ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയത് കളക്ടറാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെ.പി. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസും ആരോപിക്കുന്നത്. സംഭവത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര, പേഴ്‌സണൽ മന്ത്രാലയങ്ങൾക്ക് ബി.ജെ.പി. കത്തയച്ചു.
കളക്ടറുടെ പ്രവർത്തനത്തിൽ സി.പി.ഐ.ക്കും അതൃപ്തിയുണ്ട്. വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവിൽ പങ്കെടുത്ത നേതാക്കൾ രാത്രി റവന്യൂമന്ത്രി കെ. രാജനെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിവാദ യാത്രയയപ്പ് യോഗം നടത്തിയത് കളക്ടറാണ്. നവീൻ ബാബുവിന് യോഗം നടത്തുന്നതിനോട് യോജിപ്പില്ലായിരുന്നു. എ.ഡി.എമ്മിന്റെ അഭിപ്രായം പരിഗണിക്കാതെ തിങ്കളാഴ്ച രാവിലെ യോഗം കളക്ടർ തീരുമാനിച്ചു. പിന്നീട് വൈകീട്ടേക്ക് മാറ്റി. രാവിലെ യോഗത്തിൽ പങ്കെടുക്കാൻ കളക്ടർക്കോ നവീനോ അസൗകര്യം ഉണ്ടായിരുന്നില്ല. പി.പി. ദിവ്യയ്ക്ക് പങ്കെടുക്കാനാണ് ഇത്തരത്തിൽ സമയം മാറ്റിയതെന്ന് ആരോപണം ഉയർന്നു. യോഗത്തിൽ ദിവ്യ എ.ഡി.എമ്മിന് നേരേ ആരോപണം ഉന്നയിച്ചപ്പോൾ അതു തടയാനും കളക്ടർ കൂട്ടാക്കിയില്ല എന്നാണ് വിമർശനം.