കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിൽ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടക്കുന്ന ‘പൊന്ന്യത്തങ്ക’ത്തിന് തിരിതെളിഞ്ഞു. പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് ഒരു കാലഘട്ടത്തെ സ്മരിക്കുന്ന ആയോധനകലയാണെന്നും പുതിയ തലമുറയിലേക്ക് അതിന്റെ ചരിത്രവും സംസ്കാരവും വളർത്തിയെടുക്കുവാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ മുഖ്യാതിഥിയായി. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന അങ്കമായി പൊന്ന്യത്തങ്കം മാറുമെന്ന് സ്പീക്കർ പറഞ്ഞു. കളരി അക്കാദമി വരുന്നതോടുകൂടി ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നായി പൊന്ന്യത്തങ്കം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടകസമിതി ചെയർമാൻ പി. പി സനിൽ അങ്കത്തട്ടിൽ കൊടിയുയർത്തി.
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പൊന്ന്യത്തങ്കം ഫെബ്രുവരി 21 മുതൽ 27 വരെ ഏഴരകണ്ടത്തിൽ വെച്ച് നടക്കും. ഫെബ്രുവരി 25 ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുക്കും.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവും നാടൻകലകളുടെ സംഗമവുമാണ്. വടക്കൻപാട്ടിലെ ധീരയോദ്ധാക്കളായ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും കുംഭം 10, 11 തീയതികളിൽ അങ്കംവെട്ടി വീരമൃത്യു വരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ളവർ അങ്കത്തട്ടിൽ വിസ്മയം തീർക്കും. കേരളത്തിനപ്പുറവും ഇന്ത്യക്കപ്പുറവുമുള്ള ആയിരക്കണക്കിന് കാഴ്ചക്കാരാണ് ഇതിന് സാക്ഷ്യം വഹിക്കുന്നത്.
കേരള ഫോക് ലോർ അക്കാദമി
സെക്രട്ടറി എ.വി.അജയകു മാർ പദ്ധതി വിശദീകരിച്ചു. പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടിടി റംല, ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ, സംഘാടകസമിതി ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ
എന്നിവർ പങ്കെടുത്തു. തുടർന്ന് അങ്കത്തട്ടിൽ ഗജനാഗക്കളരി, ഗുരുകുലം കളരി, കെ.പി.സി.ജി.എം. കളരി, ചൂരക്കൊടി കളരി എന്നിവർ കളരിപ്പയറ്റ് അവതരിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ആറിന് എരഞ്ഞോളി മൂസ അനുസ്മരണം നടക്കും. വി.കെ.എം.കളരി പൊന്നാനി, ദുബായ് കളരി, ഏക വീര കളരി ആലപ്പുഴ എന്നിവ കളരിപ്പയറ്റ് അവതരിപ്പിക്കും. ഉസ്താദ് ഡോ. ഹസ്സൻ ബായുടെ ഷഹനായി കച്ചേരിയും അരങ്ങേറും.
ഞായറാഴ്ച വൈകിട്ട് ആറിന് കതിരൂർ ഗുരുക്കൾ, തച്ചോളി ഒതേനൻ അനുസ്മരണം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പണിക്കർ കളരി ചെങ്ങന്നൂർ, വല്ലഭട്ട കളരി തൃശ്ശൂർ എന്നിവ കളരിപ്പയറ്റ് അവതരിപ്പിക്കും.
തിങ്കളാഴ്ച വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. കെ.ജി.എസ്. കളരി കതിരൂർ, ഗുരുകൃപ കളരി, എ.പി.എം.കളരി എന്നിവ കളരിപ്പയറ്റ് അവതരിപ്പിക്കും.
ചൊവ്വാഴ്ച വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ ലേക്കർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനാകും. യോദ്ധ കളരി, വിശ്വഭാരത് കളരി, പയ്യമ്പള്ളി കളരി, കടത്തനാട് കളരി എന്നിവ കളരിപ്പയറ്റ് അവതരിപ്പിക്കും.
ബുധനാഴ്ച സാംസ്കാരിക സമ്മേളനം മുൻ എം എൽ എ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകിട്ട് ആറിന് സമാപന സമ്മേളനം വി.ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്യും. കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ അധ്യക്ഷനാകും. ഭാർഗവ കളരി, അഗസ്ത്യ കളരി എന്നിവ കളരിപ്പയറ്റ് അവതരിപ്പിക്കും.
പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി പാരമ്പര്യ കളരി മർമ ചികിത്സാ പ്രദർശനം, വിദേശരാജ്യങ്ങളിലെ ഭക്ഷണശാല ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.