തിരുവനന്തപുരം: തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലേക്ക് ഒരു യുവാവ് എത്തുന്നു. പേര് അഫാന്‍. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. അമ്പരന്ന് പോയ നിമിഷങ്ങള്‍. കൃത്യമായി കൊലനടത്തിയ സ്ഥലങ്ങളും ആ യുവാവ് പോലീസിനെ ധരിപ്പിച്ചു. മൂന്നും വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്. മൂന്ന് വീടുകളിലായി ആറുപേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പറഞ്ഞതിന്റെ അമ്പരപ്പ് ഞെട്ടലിലേക്ക് മാറിയത് വളരെ പെട്ടെന്നാണ്.
ഞാന്‍ ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്. ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്.
മാതാവ്, മുത്തശ്ശി, തന്റെ പെണ്‍സുഹൃത്തിനെയും അവരുടെ മാതാപിതാക്കളെയും കൊന്നുവെന്ന് ഇയാള്‍ പറഞ്ഞതിന് പിന്നാലെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ പോലീസുകാര്‍ വിവരമറിയിച്ചു. ഡിവൈഎസ്പി പോലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടര്‍ന്ന് മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കും സന്ദേശങ്ങള്‍ പാഞ്ഞു. അഫാന്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണോയെന്ന് പോലീസ് ആദ്യം തിരഞ്ഞത്. അന്വേഷണത്തില്‍ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. പേരുമലയില്‍ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തി.
ഗുരുതരാവസ്ഥയിലുള്ളത് അഫാന്റെ മാതാവ് ഷെമിയാണ്. ആശുപത്രിയിലെത്തിച്ച ഇവരുടെ നില ഗുരുതരമായി തുടരുന്നു. വൈകിട്ട് 5.30നാണ് സെല്‍മ ബിവിയെന്ന അഫാന്റെ മുത്തശിയെ കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. ഇവരെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ആദ്യം കൊലപ്പെടുത്തിയത് പാങ്ങോടുള്ള മുത്തശ്ശിയെയാണ്. തുടര്‍ന്ന് എസ്.എന്‍ പുരത്തുള്ള അഫാന്റെ പിതൃസഹോദരനായ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി.
അതിന് ശേഷം സ്വന്തം വീട്ടിലെത്തി അനിയന് ഭക്ഷണം വാങ്ങി നല്‍കിയതിന് ശേഷം സഹോദരന്‍ അഫ്‌സാന്‍, വീട്ടിലുണ്ടായിരുന്ന ഫർസാനയെന്ന പെണ്‍കുട്ടി അമ്മ ഷെമി എന്നിവരെ ആക്രമിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.