പയ്യന്നൂർ: പെരുമ്പിയൻസ് വാട്സാപ് കൂട്ടായ്മ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി റമദാൻ സേവന പ്രവർത്തനത്തിന് തുടക്കമായി. പെരുമ്പയിൽ ജനിച്ച് വളർന്ന് പെരുമ്പയിലും കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും
ജീവിക്കുന്നവരുടെ ഒരു വാട്സാപ് കൂട്ടായ്മ’. 2014ൽ 80 പേരുമായി തുടങ്ങിയ ഗ്രൂപ്പ് ഇന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഗ്രൂപ്പുകളിലായി 700 ൽ അധികം പേരുടെ കൂട്ടായ്മയാണ്. നാട്ടു വിശേഷങ്ങളിലും, വാർത്തകളിലും തുടങ്ങുന്ന ചർച്ച പല ദിവസങ്ങളിലും അവസാനിക്കുന്നത് ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെ പ്രയാസങ്ങളെ കുറിച്ചാണ്. റമസാൻ മാസത്തിലെ പുണ്യകർമമായ ജീവകാരുണ്യ പ്രവർത്തനം ഇവരുടെ പ്രധാന അജണ്ടയാണ്.
റമദാൻ കിറ്റും, ഈദ് പുടവയും
പെരുമ്പയിലും പരിസരത്തുമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് 2014 മുതൽ റമസാൻ കിറ്റുകൾ എത്തിക്കുന്നു. 2000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും 1000 രൂപയുടെ പുതുവസ്ത്രത്തിനും 500 രൂപയുടെ പാദരക്ഷകൾക്കുമുള്ള വൗച്ചറുകളും ഉൾപ്പെട്ടതാണ് കിറ്റ്. തൊട്ടടുത്ത വീട്ടുകാർ പോലുമറിയാതെ കിറ്റുകൾ ടീം പെരുമ്പിയൻസ് പ്രവർത്തകർ അർഹതപ്പെട്ട വീടുകളിൽ റമസാൻ മാസം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ എത്തിക്കുന്നു. 150 വീടുകളിൽ തുടങ്ങി ഇപ്പോൾ അടുത്ത പ്രദേശങ്ങളിൽ അടക്കം 400ലധികം വീടുകളിൽ ഈ കിറ്റുകൾ എത്തിക്കുന്നു. ഓരോ വർഷവും നൽകേണ്ടവരുടെ ലിസ്റ്റ് പുതുക്കി നിശ്ചയിച്ചാണ് വിതരണം നടത്തുന്നത്
ഗിഫ്റ്റ് ഓഫ് പെരുമ്പിയൻസ്
കിറ്റുകൾക്ക് പുറമെ 2014 ൽ തന്നെ തുടക്കം കുറിച്ചത് ഇത് വരെ മുടങ്ങാതെ നൽകുന്ന പെൻഷൻ പദ്ധതി. അനാഥർക്കും , വിധവകൾക്കും പ്രായം ചെന്ന രോഗികൾക്കും പ്രതിമാസം 2000 രൂപ വീതം പെൻഷൻ നൽകുന്നു. അതും മാസന്തോറും കൃത്യമായി അവർക്ക് നേരിട്ട് എത്തിക്കും. 40 ലധികം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.
പെരുമ്പിയൻസ് ഹാപ്പിയെസ്റ്റ് ഫാമിലി
പ്രധാനമായും മാസാന്ത പെൻഷൻ നൽകുന്നവരിൽ നിന്ന് താൽപര്യമുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും അവരെ പ്രാപ്തരാക്കാനും വേണ്ടിയുള്ള പദ്ധതി. ഇതിലൂടെ
വീട് നിർമാണം, കിണർ നിർമാണം, വിവാഹ സഹായം, ചികിത്സ സഹായം എല്ലാം ഇവർ നൽകി വരുന്നു. വിദ്യാഭ്യാസ സഹായവും എടുത്ത് പറയത്തക്കതാണ്. പണമില്ലെന്ന കാരണത്താൽ പ്രദേശത്തെ ഒരു കുട്ടിയും പഠിക്കാതിരിക്കരുത് എന്നത് കൂട്ടായ്മയുടെ പ്രതിജ്ഞയാണ്. പഠനത്തിൽ കഴിവ് തെളിയിച്ചവരെ, പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവരെ മറ്റ് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ പൊതു സമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന് അനുമോദിക്കുന്നു. വർഷം തോറും നടത്തുന്ന പെരുമ്പയിൻസിൻ്റെ പൊതുപരിപാടികളിലൂടെ.
കോവിഡ് കാലത്ത് മറ്റ് നിരവധി പ്രവർത്തനങ്ങൾ കൊണ്ട് കൂട്ടായ്മ വളരെ സജീവമായിരുന്നു. ജോലി നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങളിൽ മാസാന്ത റേഷനും പെൻഷനും ഈ കാലയളവിൽ നൽകിയിരുന്നു. സ്പോർട്സ് പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടവിട്ട വർഷങ്ങളിൽ ഗ്രൂപ്പ് തിരിച്ച് ഫുട്ബാൾ മത്സരങ്ങൾ നടത്തുന്നതും, മോട്ടീവേഷൻ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. വനിതകൾക്കായി ജൈവ കാർഷിക വിളവെടുപ്പ് മത്സരവും പെരുമ്പിയൻസ് നടത്തിയിരുന്നു. പെരുമ്പിയൻസ് കൂട്ടായ്മയുടെ കീഴിൽ പ്രത്യേക വനിതാ വിഭാഗവും വിവിധ പ്രവർത്തനങ്ങളിൽ സജീവമാകുന്നു.