തളിപ്പറമ്പ്: ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോക്സോ കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും കോടതി ശിക്ഷിച്ചു.
വയനാട് തൊണ്ടര്‍നാട് കോറോത്തെ കെ.സി.വിജേഷിനെ(25)യാണ് ശിക്ഷിച്ചത്.
രണ്ടാം പ്രതി പുല്‍പ്പള്ളി പെരിക്കല്ലൂരിലെ കെ.കെ.മനോജിനെ(30) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷാണ് ശിക്ഷ വിധിച്ചത്. 2022 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ പ്രതി കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടിയുമായി വീട്ടിലെത്തിയ സംഘത്തെ വിജേഷിന്റെ വീട്ടുകാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മറ്റൊരു വീട്ടിലെത്തി താമസിക്കുകയായിരുന്നു.
തളിപ്പറമ്പ് എസ്.ഐ. കെ. ദിനേശന്‍ ആണ് പ്രതികളെ പിടികൂടിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.