പയ്യന്നൂർ : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മഞ്ജുളാൽ നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഗരുഡശില്പത്തിന് പുനർജനി. പ്രമുഖ വ്യവസായി വേണു കുന്നപ്പിള്ളിയാണ് മഞ്ജുളാൽ തറ നവീകരിച്ച് സമർപ്പിക്കുന്നത്. ആലിന് കരിങ്കൽ തറയും കൂടെ കൂറ്റൻ വെങ്കല ഗരുഡശില്പവുമാണ് സമർപ്പിക്കുന്നത്.
ഉണ്ണി കാനായിയാണ് 5200 കിലോ വെങ്കലത്തിൽ 20 അടി വീതിയിലും എട്ടടി ഉയരത്തിലുമുള്ള ശില്പം നിർമിച്ചത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വെങ്കല ഗരുഡ ശില്പമാണിത്.
ഗരുഡശില്പം ഏറ്റുവാങ്ങാനായി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.പി.വിനയൻ, ഉണ്ണി പാവറട്ടി, നന്ദൻ പിള്ള എന്നിവർ കാനായിലെത്തി ശില്പം ഏറ്റുവാങ്ങി. കുപ്പം ഖലാസികൾ സജ്ജമാക്കിയ വാഹനത്തിൽ ശില്പം ഗുരുവായൂരിലെത്തിക്കും. മാർച്ച് ഒന്നിന് ഗുരുവായൂർ തന്ത്രി അനാച്ഛാദനം ചെയ്യും.
സുരേഷ് അമ്മാനപ്പാറ, പി.ബാലൻ, കെ.വിനേഷ്, കെ.സുരേശൻ, പി.കെ.ശ്രീകുമാർ, ഇ.പി.ഷൈജിത്ത്, ടി.കെ.അഭിജിത്ത് എന്നിവരാണ് ശില്പനിർമാണ സഹായികൾ.