സ്ത്രീകൾക്ക് നിയമ ബോധവത്കരണം അത്യാവശ്യമാണെന്നും ഭരണഘടന അനുവദിക്കുന്ന നിയമപരിരക്ഷയെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്നും സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കമ്മീഷൻ അംഗത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിംഗിൽ പരിഗണിച്ച 59 പരാതികളിൽ 12 എണ്ണം തീർപ്പാക്കി. എട്ട് പരാതികളിൽ റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിനായും മറ്റ് രണ്ട് പരാതികൾ ഡിഎൽസിക്കും കൈമാറി. 36 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. പുതുതായി രണ്ട് പരാതികൾ ലഭിച്ചു.
ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ട് പോലും സമൂഹത്തിൽ നിന്നും സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എവിടെയാണ് പരാതി കൊടുക്കേണ്ടതെന്നും എങ്ങനെയാണ് നിയമപരിരക്ഷ ലഭിക്കുക എന്നും ധാരണ ഇല്ലാതെ തുടർച്ചയായി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കമ്മീഷൻ അംഗം പറഞ്ഞു. വഴിതർക്കം, പണമിടപാട്, സ്വത്തുതർക്കം തുടങ്ങിയ പ്രശ്‌നങ്ങൾ സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നു. വിവാഹമോചനത്തിനു ശേഷം ഭാര്യക്കും കുട്ടികൾക്കും കൊടുക്കേണ്ട നിയമപരമായ ആനുകൂല്യങ്ങൾ പോലും പുരുഷന്മാർ വിലപേശുന്ന അവസ്ഥ ദയനീയമാണെന്നും അവർ പറഞ്ഞു. ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീകളുടെ സ്വത്തുക്കൾ കൈക്കലാക്കി വിവാഹമോചന ശേഷം അത് തിരികെ നൽകാത്ത സ്ഥിതിയുമുണ്ടെന്ന് അവർ പറഞ്ഞു.
സിറ്റിങ്ങിൽ വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ പ്രമീള, ഷിമ്മി എന്നിവർ പങ്കെടുത്തു.