തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൈകാര്യം ചെയ്തതിന് കൊളച്ചേരി മുക്കിലെ ഖാദർ കോട്ടേഴ്സിന് പിഴ ചുമത്തി.കോട്ടേഴ്സിന്റെ പരിസരത്തും സമീപ പ്ലോട്ടുകളിലും ജൈവ അജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. പ്രസ്തുത കോട്ടേഴ്സിലെ മുഴുവൻ താമസക്കാരും ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ കൈമാറിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി.മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് സംസ്കരിക്കാനും കോട്ടേഴ്സിലെ മുഴുവൻ താമസക്കാരും ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ക്വാർട്ടേഴ്സ് ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി. കെട്ടിടയുടമയായ അബ്ദുൾ ഖാദറിന് 5000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ല സ്ക്വാഡ് കൊളച്ചേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ലെജി എം , ശരി കുൽ അൻസാർ,ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർ പങ്കെടുത്തു.