കണ്ണൂർ കോർപ്പറേഷൻ ഹരിത കർമ്മസേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാകൾക്കും വേണ്ടി സംഘടിപ്പിച്ച ഹെൽത്ത് ഫെസ്റ്റിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. മാലിന്യ മുക്ത നഗരത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ഈ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തേണ്ടത് കോർപ്പറേഷൻ്റെ ധാർമ്മിക ഉത്തരവാദിത്തം എന്ന നിലയിലാണ് ഹെൽത്ത് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. നാം വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ഇവർ ശേഖരിച്ച് നാട് മാലിന്യമുക്തമാക്കുന്നത്. അപകടകരമായ സാഹചര്യങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. വെയിലും മഴയും ദുർഗന്ധവും വക വെക്കാതെ നാടിൻ്റെ മൊത്തം ആരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇവരെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം എന്ന നിലയിലാണ് ഹെൽത്ത് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ്റെ 2024-25 ലെ ബജറ്റ് പ്രഖ്യാപനമാണ് ഇതോടെ നടപ്പിലായിട്ടുള്ളത്. കഴിഞ്ഞ ബജറ്റി ഉൾപ്പെട്ടിട്ടുള്ള മുഴുവൻ നിർദ്ദേശങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞതായും മേയർ കൂട്ടിച്ചേർത്തു . ഫെസ്റ്റിനോടനുബന്ധിച്ച് കണ്ണൂരിലെ ലിയോ ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് സെൻ്ററുമായി സഹകരിച്ച് രക്തപരിശോധനകളും, കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തെ ഉൾപ്പെടുത്തി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും നടത്തി. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ പി.വി. ജയസൂര്യൻ, ടി.രവീന്ദ്രൻ, സുനിഷ കെ , മിനി അനിൽ കുമാർ കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ക്ലിൻ സിറ്റി മാനേജർ പി.പി. ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ സജില പി.കെ. മെഡിക്കൽ ഓഫീസർ ഡോ. ഇസ്മയിൽ, കുടുംബ ശ്രീ മെമ്പർ സെക്രട്ടറി അഫ്സില വി.പി. എന്നിവർ സംസാരിച്ചു.