പുതിയതെരു ടൗണിൽ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ പ്രധാന ബസ്‌സ്‌റ്റോപ്പിന്റെ സ്ഥാനത്ത് ബസ് ബേ സ്ഥാപിക്കുന്നതിനായി കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും കെഎസ്ഇബിയും ബന്ധപ്പെട്ട വകുപ്പുകളും സംയുക്ത പരിശോധന നടത്തി. ജനുവരി 31 മുതൽ നടപ്പിലാക്കിയ ഗതാഗാത പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ബസ്‌സ്‌റ്റോപ്പ് മാറ്റിയത്.
ബസ് ബേ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിശോധനക്കായി ദേശീയപാത അതോറിറ്റിക്കും കെഎസ്ഇബിക്കും കത്ത് നൽകിയിരുന്നു. ദേശീയപാത അതോറിറ്റി, കെഎസ്ഇബി എൻജിനീയർമാർ പുതിയതെരുവിലെത്തി പരിശോധന നടത്തി. പോസ്റ്റോഫീസിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി സംസാരിക്കാൻ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. ആ ഭാഗത്ത് സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോമർ, വെയിറ്റിംഗ് ഷെഡ്, പെട്ടിക്കടകൾ ഉൾപ്പെടെയുള്ളവ മാറ്റി ബസ് ബേ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 10 ദിവസത്തിനകം റിപ്പോർട്ട് തയ്യാറാക്കി നടപടികൾ വേഗതയിലാക്കി ബസ് ബേ നിർമ്മാണം ആരംഭിക്കണമെന്ന് നിർദേശം നൽകി.
എം.എൽ.എക്ക് പുറമെ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രുതി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം സി ഐ ടിപി സുമേഷ്, കെഎസ്ഇബി എക്‌സിക്യുട്ടീവ് എൻജിനീയർ, ദേശീയപാത അതോറിറ്റി എൻജിനീയർമാർ, കരാറുകാരായ വിശ്വസമുദ്രയുടെ പ്രതിനിധികൾ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.