കണ്ണൂർ : സിപിഐയുടെയും എഐടിയുസിയുടെയും നേതാവ് സി എച്ച് രാഘവന് (87) വിട. കൊറ്റാളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.വിവിധ മേഖലയിലുള്ളവര്‍ റീത്തുകള്‍ സമര്‍പ്പിച്ചു.
കൊറ്റാളിയിലെ വീട്ടിലും പയ്യാമ്പലത്തുമായി മേയര്‍ മുസ്ലീഹ് മഠത്തില്‍, സി പി എം നേതാക്കളായ അരക്കന്‍ ബാലന്‍, ടി രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് മാര്‍ട്ടിന്‍ ജോര്‍ജ്, സി പി ഐ നേതാക്കളായ എന്‍ ഉഷ, കെ വി ബാബു, മഹേഷ് കക്കത്ത്, പി ചന്ദ്രന്‍, എം അനില്‍കുമാര്‍, നിസാര്‍ വായിപ്പറമ്പ്, കെ എം സപ്ന, സി വിജയന്‍, ടി കെ സീന, പി നാരായണന്‍, പി ലക്ഷ്മണന്‍, അഡ്വ. പി അജയകുമാര്‍, എ ഭരതന്‍, പി സജീവന്‍ തുടങ്ങിയ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
നന്നെ ചെറുപ്പത്തിൽ തന്നെ ബാലസംഘത്തിന്റെ പ്രവർത്തകനായിരുന്ന സി എച്ച് രാഘവൻ ബീഡി തൊഴിലാളിയായിരുന്നു. ബീഡി സിഗാർ വർക്കേഴ്സ് യൂനിയൻ, പാർസൽ വർക്കേഴ്സ് യുനിയൻ – എഐ ടി യുസി എന്നിവയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. എഐടിയുസി കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, ആൾ ഇന്ത്യ ബീഡി സിഗാർ ആൻ്റ് ടുബാക്കോ വർക്കേഴ്സ് ഫെഡറേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി പി ഐ കണ്ണൂർ സൗത്ത് ഏരിയാ സെക്രട്ടറി, കണ്ണൂർ മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.യുവകലാസാഹിതി , ഇപ്റ്റതുടങ്ങിയ കലാസാംസ്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സി എച്ച് രാഘവൻ കൊറ്റാളിയിലെ യുവജന കലാസമിതി, ദേശാഭിവർദ്ധിനി വായനശാല എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച നല്ലൊരു കലാ സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു. കാലിനുണ്ടായ വൈകല്യം കണക്കാക്കാതെ സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിച്ച എഐടിയുസി സംസ്ഥാന പ്രക്ഷോഭ പദയാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നഗ്ന പാദനായി സഞ്ചരിച്ച് എല്ലാവരെയും അമ്പരിച്ച സംഭവം ഇന്നും ഏവരുടെയും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു.
ഭാര്യ:പ്രേമജ . സഹോദരങ്ങൾ: നവയുഗം വാരിക പത്രാധിപരായിരുന്ന പരേതനായ സി എച്ച് വാസുദേവൻ, സി എച്ച് ബാലകൃഷ്ണൻ മാസ്റ്റർ (നൂപുരം കലാക്ഷേത്രം).
സി എച്ച് രാഘവന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു
കണ്ണൂർ: സി പി ഐ , എ ഐ ടി യു സി നേതാവ് സി എച്ച് രാഘവന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു. അനുശോചന യോഗത്തിൽ സി പി ഐ കണ്ണൂർ മണ്ഡലം സെക്രട്ടറി വെള്ളോറ രാജൻ അധ്യക്ഷനായി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, കാടൻ ബാലകൃഷ്ണൻ (സി പി എം ), കൂക്കിരി രാജേഷ് ( കോൺഗ്രസ് ) , വി അബ്ദുൾ കരീം (ഐ യു എം എൽ), എം കെ ദിനൂപ് ( ബി ജെ പി ), സി എച്ച് പ്രഭാകരൻ ( എൻ സി പി ), സി പി ഐ സംസ്ഥാന എക്സി. അംഗം സി പി മുരളി, ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി എ പ്രദീപൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ, സി പി ഐ മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, പാറമ്മല്‍ വത്സന്‍ എന്നിവർ സംസാരിച്ചു. ജനങ്ങളുടെ പ്രശ്നം ഏറ്റെടുത്ത് ഏവരോടും സ്നേഹപൂർവ്വം പെരുമാറുന്ന നല്ല കമ്യൂണിസ്റ്റുകാരനെയാണ് നമ്മുക്ക് നഷ്ടമായതെന്ന് യോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് നേതാക്കൾ പറഞ്ഞു. കെ ഷാജി സ്വാഗതം പറഞ്ഞു.