തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ പ്രതിസന്ധിക്ക് എം.വി.ഗോവിന്ദൻ എം.എൽ.എ ഇടപെട്ട് പരിഹാരമുണ്ടാക്കി. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം അനധികൃതമായി ലീവെടുത്തു പോയ ഡോക്ടർക്ക് പകരം പുതിയ ഡോക്ടറെ നിയമിച്ചുകൊണ്ട് ഇന്നലെ സർക്കാരിൽ നിന്നും ഉത്തരവിറങ്ങി. ഇതോടുകൂടി 3 ഗൈനിക് ഡോക്ടർ മാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാകും. ഇതോടൊപ്പം പുതിയ മെറ്റേണിറ്റി ബ്ലോക്ക് തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ ഓപ്പറേഷൻ ടേബിൾ, അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ എന്നിവ എം.എൽ.എയുടെ ഇടപെടലിലൂടെ ആശുപത്രിയിൽ അടിയന്തരമായി സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ ബ്ലോക്കിലെ ഓപ്പറേഷൻ തീയേറ്റർ അണുവിമുക്തമാക്കി ആരോഗ്യ വകുപ്പിന്റെ കൾച്ചറൽ ടെസ്റ്റ് പൂർത്തിയാകുന്ന മുറയ്ക്ക് വരുന്ന ആഴ്ചയിൽ രോഗികൾക്ക് പുതിയ ബ്ലോക്കിലെ ആധുനിക സൗകര്യങ്ങൾ കൂടി ലഭ്യമാകും. ഇതോടൊപ്പം ആശുപത്രിയിൽ ഒരു അനസ്‌തെസ്റ്റിസ്റ്റ് മാത്രമാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. ഇത് മുഴുവൻ സമയ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടായി വരുന്ന സാഹചര്യം ഉണ്ടായി. ഇത് പരിഹരിക്കുന്നതിനായി രണ്ട് അനസ്‌തെസ്റ്റിസ്റ്റ് ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്.
ഗൈനക്കോളജിയിൽ ഡോക്ടർമാരുടെ അഭാവം മൂലം പ്രസവ വാർഡ് പൂട്ടിക്കിടക്കുന്ന വാർത്ത നേരത്തെ കേരളകൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. മൂന്ന് ഗൈനക്കോളജി ഡോക്ടർമാരുടെ പോസ്റ്റ് ഉള്ള സ്ഥാപനത്തിൽ ഒരു ഡോക്ടർ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ പോവുകയും മറ്റൊരു ഡോക്ടർ അനധികൃതമായി ലീവെടുത്തു ജോലിക്ക് ഹാജരാകാതിരുന്നതിനാലുമാണ് പ്രതിസന്ധിയുണ്ടായത്. ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമായി ചുരുങ്ങുമായിരുന്നു. ഇതേ തുടർന്ന് എം.എൽ.എ ഇടപെട്ട് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറെ വർക്കിംഗ് അറേഞ്ച്‌മെന്റ് രീതിയിൽ നിയമിച്ചിരുന്നു. അനധികൃത അവധിയെടുത്ത ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്.