തൃക്കരിപ്പൂർ: ഒളവറയിൽ മരമില്ലിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.ഒളവറ മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടുത്തമുണ്ടായത്. പുക ഉയർന്ന് തീ ആളിപടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ ചന്തേര പോലീസിലും തൃക്കരിപ്പൂർ ഫയർഫോഴ്സിലും വിവരം നൽകുകയായിരുന്നു.
വിവരമറിഞ്ഞ് തൃക്കരിപ്പൂർ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ പി.പ്രസാദ്, കെ.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ
രണ്ട് യൂണിറ്റും, പയ്യന്നൂർ, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റുമെത്തിച്ച് അഞ്ച് യൂണിറ്റുകളുടെ സഹായത്തോടെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മണിക്കൂറുകളോളം നീണ്ട ശ്രമഫലമായി തീയണച്ചത്.80 ലക്ഷം രൂപയോളം വിലവരുന്ന മ രഉരുപ്പടികളും, മെഷീനും, കെട്ടിടവും ഉൾപ്പെടെ ഏകദേശം ഒന്നര കോടിയുടെ നാശനഷ്ടം സംഭവിച്ചതായി മരമിൽ ഉടമ എളമ്പച്ചി പാക്കിരി മുക്കിലെ വി. കെ. പി. അബ്ദുൾറഷീദ് പറഞ്ഞു. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.