Monday, February 3, 2025
HomeKannurജില്ലയിലെ മൂന്ന് സ്മാർട്ട് അങ്കണവാടികൾമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ മൂന്ന് സ്മാർട്ട് അങ്കണവാടികൾമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നത്: മുഖ്യമന്ത്രി

കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നാടിന്റെ ഭാവിയെയാണ് പരിചരിക്കുന്നതെന്നും അവരുടെ വിഷയങ്ങളിൽ സർക്കാർ കാര്യമായി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ മൂന്ന് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാറാത്ത് ഗ്രാമപഞ്ചായത്തിൽ വനിത, ശിശുവികസന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാക്കത്തുരുത്തി സ്മാർട്ട് അങ്കണവാടിയുടെയും മട്ടന്നൂർ നഗരസഭയിലെ സെന്റർ നമ്പർ 99 ദേവർകാട്,ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്.
ഐ.സി.ഡി.എസ് പദ്ധതി 50ാം വർഷത്തിലെത്തുമ്പോൾ രാജ്യത്തിനാകെ മാതൃകയാകുന്ന നടപടികളുമായി മുന്നോട്ട് വരികയാണ് സംസ്ഥാന സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 33000ത്തിലധികം അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 7244 എണ്ണം വാടക കെട്ടിടത്തിലാണ്. 200 ഓളം അങ്കവാടികളുടെ കെട്ടിടനിർമാണം നടന്നുവരുന്നു.
അങ്കണവാടികൾ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല, ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന, സമൂഹത്തിന്റെ പല പാർശ്വത്കരിക്കപ്പെട്ടവർക്കും ഉപജീവനം നൽകുന്ന സ്ഥാപനങ്ങളാണ്. അവിടെ തൊഴിലെടുക്കുന്നവരിൽ 95 ശതമാനത്തിലധികവും സ്ത്രീകളാണ്. ആശപ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സ്‌കൂൾ ഉച്ചഭക്ഷ തൊഴിലാളികൾ എന്നിവർ ചില പരാധീനതകൾ നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്രഫണ്ടിനപ്പുറം പണം കണ്ടെത്തിയാണ് സംസ്ഥാനം കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസം ക്ഷേമവും ഉറപ്പാക്കുന്ന ഇടപെടലുകൾ നടത്തുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
അങ്കണവാടികളുടെ മെനു പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ചടങ്ങിൽ ഓൺലൈനായി അധ്യക്ഷയായ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ വളർച്ചയിൽ അങ്കണവാടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് പരമ്പരാഗത സംവിധാനങ്ങൾക്കപ്പുറം നൂതന പദ്ധതികൾ ആവശ്യമായതിനാലാണ് സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് സ്മാർട്ട് അങ്കണവാടികൾ.

2022 മാർച്ചിലാണ് കാക്കത്തുരുത്തി അങ്കണവാടി കെട്ടിടം നിർമിക്കാൻ സാങ്കേതികാനുമതി ലഭിച്ചത്. ഇതുവരെ നാട്ടുകാർ നിർമ്മിച്ച് ഐസിഡിഎസിന് കൈമാറിയ ഒറ്റനില കെട്ടിടത്തിലായിരുന്നു പ്രവർത്തനം. റോഡിൽ നിന്നും രണ്ടിട താഴ്ചയിൽ ഉണ്ടായിരുന്ന പഴയ അങ്കണവാടിയിൽ മഴക്കാലത്ത് വെള്ളം കയറുക പതിവായിരുന്നു. കെട്ടിടത്തിന്റെ നിലം വൃത്തിയായി സൂക്ഷിക്കുക അനിവാര്യമായതിനാൽ തന്നെ പ്രളയം ഉണ്ടായാലും വെള്ളം തയാറാത്ത ഒരു കെട്ടിടം എന്നത് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ കെട്ടിടത്തിൽ അടുക്കള, ടോയ്‌ലറ്റ്, ക്ലാസ് റൂം എന്നിവയെല്ലാം മുകൾ നിലയിലാണ് ഒരുക്കിയത്. താഴത്തെ നില കുട്ടികൾക്ക് കളിക്കാൻ ഉപയോഗിക്കാം. മൈക്രോപൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ അടിത്തറയിലെ മണ്ണ് ഉറപ്പിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരമുള്ള 41,40,000 രൂപയിൽ 27,64,952 രൂപയും  വനിത ശിശുക്ഷേമ വകുപ്പും 13,25,048 രൂപ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തും 50000 രൂപ നാറാത്ത് ഗ്രാമപഞ്ചായത്തും അനുവദിച്ചു.
കാക്കതുരുത്തി അങ്കണവാടിയിൽ നടന്ന ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം നികേത്, നാറാത്ത് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ എൻ മുസ്തഫ, വി ഗിരിജ, കാണി ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ വി ഷാജി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു സി എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ സുനിൽ കുമാർ, കല്യാശ്ശേരി, ഐ സി ഡി എസ് സി ഡി പി ഒ നിർമ്മല കെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

മട്ടന്നൂർ നഗരസഭയിൽ നടന്ന  മട്ടന്നൂർ നഗരസഭയിലെ സെന്റർ നമ്പർ 99 ദേവർകാട്,ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടന ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, വൈസ് ചെയർപേഴ്‌സൺ ഒ പ്രീത, ഇല്ലംഭാഗം വാർഡ് കൗൺസിലർ പി രജിന, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!