നെയ്യാറ്റിന്‍കര: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.
തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന രണ്ട്, മൂന്ന് പ്രതികളിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. അതേസമയം, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം പ്രതിയായ ഗ്രീഷ്മയുടെയും മൂന്നാം പ്രതി നിർമലകുമാരൻ നായരുടെയും ശിക്ഷാവിധി നാളെ കോടതി പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം.ബഷീറാണ് വിധി പറഞ്ഞത്.
ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെന്നായിരുന്നു ഷാരോണിൻ്റെ കുടുംബത്തിൻ്റെ പ്രതികരണം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നെന്നും കുടുംബം പ്രതികരിച്ചു.
2022 ലാണ് കേസിനാസ്പദമായ സംഭവം. കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്.
അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ 25നു ഷാരോൺ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്‌ടോബർ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണു ജാമ്യം ലഭിച്ചത്.
ഗ്രീഷ്മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്.