ദേശീയ പാതയിൽ വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടിച്ചെടുത്തു.
കണ്ണൂർ ചാല മുതൽ വാഹനത്തെ പിന്തുടർന്ന് മുഴപ്പിലങ്ങാട് വച്ചാണ് KL 13 AW 3440 എന്ന നമ്പറിലുള്ള വാഹനം പിടികൂടിയത്.കണ്ണൂരിലെ ഷമീൽ കെ.പി യുടെ ഉടമസ്ഥതയിലുള്ള ടി.കെ ഏജൻസീസിൻ്റെ വാഹനത്തിൽ എടക്കാട് ,ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി എന്നീ പഞ്ചായത്തുകളിലെ കടകൾക്കും സ്ഥാപനങ്ങൾക്കും വിതരണം ചെയ്യാനുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഗ്ലാസുകൾ,നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത വ്യാജ ബയോ കപ്പുകൾ തുടങ്ങി ഒന്നര ക്വിൻ്റൽ നിരോധിത ഉൽപ്പന്നങ്ങളാണ് സ്ക്വാഡ് പിടിച്ചെടുത്തത്. മുൻകൂട്ടി ഓർഡർ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓരോ കടയിലേക്കും പ്രത്യേകം കവറുകളിലാക്കി പേരെഴുതിയാണ് ഉൽപ്പന്നങ്ങൾ വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് സംശയം തോന്നാതിരിക്കുന്നതിനായി നിരോധിത വസ്തുക്കളും വില്പനാനുമതിയുള്ള വസ്തുക്കളും ഒരുമിച്ചാണ് പേക്ക് ചെയ്തു വച്ചിരുന്നത്.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധിത വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന വാഹനങ്ങൾ പിടിയിലാകുന്നത് മൂന്നാമത്തെ തവണയാണ്.10000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി
പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം ,എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ശരീകുൽ അൻസാർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തൃപ്ത കെ.പി എന്നിവരും പങ്കെടുത്തു