ഇരിട്ടി: ദീർഘകാലമായി നിർമ്മാണ മേഖലയിൽ ജോലിചെയ്തുവരുന്ന ഗണപതിയാടൻ എന്ന വിളിപ്പേരിൽ നാട്ടുകാർക്ക് സുപരിചിതനായ മാമ്പ്രത്തെ ഗണപതിയാടൻ കരുണാകര (58) നുണ്ടായ ദുരന്തത്തിൽ നടുങ്ങി മീത്തലെ പുന്നാട് ഗ്രാമം. മേഖലയിലെ നിരവധി വീടുകളുടെ പ്രവർത്തി നിർവഹിച്ച കരുണാകരന് എങ്ങിനെ ഇങ്ങിനെയൊരു പിഴവ് പറ്റി എന്നത് പലർക്കും അത്ഭുതമായി മാറിയതോടൊപ്പം അവരുടെയെല്ലാം തീരാ വേദനയുമായി മാറി.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡിന്റെ വാർപ്പിനായി നാട്ടിയ തൂണുകൾ മാറ്റുന്നതിനിടയിലാണ് സൺഷേഡ് ഇളകി വീഴുന്നത്. അപ്രതീക്ഷിതമായി സൺഷേഡ്തകർന്നു വീണപ്പോൾ ഇദ്ദേഹം ഇതിനടിയിൽപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ നിന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളി സുജി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പതിവുപോലെ പുന്നാട് യു പി സ്‌കൂളിന് പിൻവശത്തെ സൂര്യാലയത്തിൽ വി. കെ. ഭാസ്‌ക്കരന്റെ വീടിന്റെ പ്രവ്യത്തിക്കെത്തിയ കരുണാകരനും സഹപ്രവർത്തകനായ സുജിയും ഒന്നാം നിലയുടെ മൂന്ന് ഭാഗത്തേയും സൺഷെഡിന്റെ തൂൺ മാററി. അതിന് ശേഷം ഭക്ഷണവും കഴിഞ്ഞ് അവസാന ഭാഗത്തെ സൺഷെഡിന്റെ തൂൺ മാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 ദിവസം മുൻമ്പ് കോൺക്രീറ്റ് ചെയ്ത സൺഷെഡിന്റെ മറ്റ് ഭാഗങ്ങളിലൊന്നും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ഇരുവരും അടുത്തടുത്ത് നിന്നും തൂണുകൾ മാറ്റുന്നതിനിടയിൽ കൂറ്റൻ സൺഷെഡ് പൂർണ്ണമായും കരുണാകരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുജി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സുജി വിവരമറിയിച്ചതിനെതുടർന്ന് ഗൃഹനാഥനായ ഭാസ്‌ക്കരനും സമീപത്തെ വീടുകളിൽ നിന്നുള്ളവരും എത്തി സ്ലാബ് പൊക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നി രക്ഷാനിലയം പ്രവർത്തകർ സ്ലാബ് പൊക്കിയാണ് കരുണാകരനെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് പ്രദേശത്ത് നിരവധി പേർ എത്തിയിരുന്നു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് , വാർഡ് അംഗം ഷൈജു, സി.കെ. അനിത, കെ. നന്ദനൻ, മുൻഅംഗം എം.പി. രവീന്ദ്രൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ്.പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി.കെ രതീഷ് എന്നിവരും സ്ഥലത്തെത്തി. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി,വത്സൻ തില്ലങ്കേരി, പി.എ . നസീർ, പി.കെ. ജനാർദ്ദനൻ, കെ.വി. സക്കീർ ഹുസൈൻ എന്നിവർ ആസ്പത്രിയിലും എത്തിയിരുന്നു