പയ്യന്നൂർ: ഉപജില്ലാ സ്കൂൾ കലോത്സവം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ മാസം 16 മുതൽ 19 വരെ നടക്കും. ഉപജില്ലയിലെ 96 സ്കൂളുകളിൽ നിന്നായി 4346 കുട്ടികൾ ഒമ്പത് വിഭാഗങ്ങളായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും . ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് മാത്രമായി സജ്ജീകരിച്ച 13 വേദികളിലാണ് മത്സരം. രജിസ്ട്രേഷൻ 14, 15 തീയതികളിൽ സ്കൂളിൽ നടക്കും.
15 ന് വൈകുന്നേരം അഞ്ച് മണിക്ക് കലോത്സവ വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുന്ന മെഗാ തിരുവാതിര നടക്കും. 17 ന് വൈകുന്നേരം ആറ് മണിക്ക് കലോത്സവത്തിൻ്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. സമാപന സമ്മേളനം 19 ന് വൈകുന്നേരം അഞ്ചിന് ടി.ഐ. മധുസൂദനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കാവശ്യമായ ട്രോഫികൾ കരിവെള്ളൂർ- പെരളം ഗ്രാമ പഞ്ചായത്തിലെ ക്ലബ്ബുകളാണ് സംഭാവന ചെയ്തിരിക്കുന്നത്.
വിദ്യാർഥികൾ നിർമ്മിച്ച പേപ്പർ പെന്നും ക്ലീനിംഗ് ലോഷനുമാണ് കലോത്സവത്തിനായി ഉപയോഗിക്കുക.
സ്കൂളിലെ ഗെയ്ഡ് സ് ,എൻ എസ്. എസ്. വിദ്യാർഥികളാണ് 300 ഓളം പേപ്പർ പെന്നുകളും 30 ലിറ്ററോളം ക്ലീനിംഗ് ലോഷനും ഉണ്ടാക്കിയത്. കലോത്സവ വേദിയിൽ നിന്ന് പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് പേപ്പർ പെന്നുകൾ നിർമ്മിച്ചത്. പെന്നുകളും ക്ലീനിംഗ് ലോഷനും എൻഎസ്.എസ് കോർഡിനേറ്റർ സി.സനീഷ്, ഗെയ്ഡ് ക്യാപ്റ്റൻ കെ.ഷീജ, വിദ്യാർഥികളായ ഹരിനന്ദ് ,മാളവിക,വിസ്മയ, നവമി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ലേജുവിന് കൈമാറി.ചടങ്ങിൽഎം.രാഘവൻ , സി.ബാലകൃഷ്ണൻ ,കെ. രമേശൻ,ഡോ. ശ്രീജ കോറോത്ത്, പി.മിനി സരിതഗോവിന്ദ് എൻ.സൗമ്യ ടി പ്രേംലാൽ ,കെ.വി. പ്രീത ജയപ്രദ എന്നിവർ പങ്കെടുത്തു.