കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്നന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയച്ച് കോടതി. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്‍റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജില്ലാ കളക്ടറേറ്റിലേയും നവീൻ ബാബു താമസിച്ച ഇടത്തേയും റെയിൽവേ സ്റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു.