കളക്ടർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച് നടത്തി
കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയില്‍ നീതിപൂര്‍ണമായ അന്വേഷണം നടത്തിയില്ലെങ്കില്‍ നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വിവാദ മൊഴി നല്‍കിയ ജില്ലാ കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിൽ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ഈ കേസ് കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടാകും എന്നും തോന്നുന്നില്ല.ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇടതുസര്‍ക്കാര്‍ കണ്ണൂര്‍ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാവാം. കളക്ടര്‍ എഡിഎം പറഞ്ഞു എന്ന തരത്തിൽ പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് അതാണ് തോന്നുന്നത്. ജില്ലാ കളക്ടറുടെ മൊഴിയില്‍ എവിടയോ എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ മൊഴിയിലെ വൈരുദ്ധ്യം സൂചിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു, പെട്രോള്‍ പമ്പിന് ലൈസന്‍സ് ഏര്‍പ്പെടുത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ട്. അതുപോലൊരു വിഹിതം കിട്ടാതെ പോയതാകും പിപി ദിവ്യയെ പ്രകോപിപ്പിച്ച ഘടകമെന്ന് സംശയിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.കളക്ടര്‍ എന്ന പദവിയോട് എല്ലാവര്‍ക്കും ആദരവുണ്ട്. ആ ആദരവ് ഇല്ലാതാക്കരുത്. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സത്യം തുറന്ന് പറയാന്‍ കളക്ടര്‍ അന്തസ് കാണിക്കണം. ഇല്ലെങ്കില്‍ ദിവ്യയെ പൊതു സമൂഹം വിലയിരുത്തിയത് പോലെ കളക്ടറെ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു, ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റ് പടിക്കല്‍ സമാപിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ സജീവ് മാറോളി , അഡ്വ. ടി ഒ മോഹനൻ , ഷമ മുഹമ്മദ് ,
കെ സി മുഹമ്മദ് ഫൈസൽ ,വി വി പുരുഷോത്തമൻ ,കെ പ്രമോദ് , രാജീവൻ എളയാവൂർ ,മുഹമ്മദ് ബ്ളാത്തൂർ ,കൊയ്യാം ജനാർദ്ദനൻ ,അമൃത രാമകൃഷ്ണൻ , അഡ്വ. വി പി അബ്ദുൽ റഷീദ് ,അഡ്വ. പി ഇന്ദിര ,അഡ്വ. റഷീദ് കവ്വായി ,കെ പി സാജു ,എം കെ മോഹനൻ ,ടി ജയകൃഷ്ണൻ ,രജിത്ത് നാറാത്ത്, കെ സി ഗണേശൻ ,ബിജു ഉമ്മർ , ഹരിദാസ് മൊകേരി ,ടി ജനാർദ്ദനൻ ,പി മാധവൻ മാസ്റ്റർ ,ശ്രീജ മഠത്തിൽ , പി മുഹമ്മദ് ഷമ്മാസ് , വിജിൽ മോഹനൻ ,സി ടി ഗിരിജ ,കായക്കൽ രാഹുൽ , ലക്ഷ്മണൻ തുണ്ടിക്കൊത്ത് , കൂക്കിരി രാജേഷ് , കെ വി ജയരാജൻ ,കൂനത്തറ മോഹനൻ , പി എ നസീർ , ജോസ് വട്ടമല , കല്ലിക്കോടൻ രാഗേഷ് , സുധീഷ് മുണ്ടേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു