കണ്ണൂർ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കീഴടങ്ങിയ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിക്കുക.
ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് ദിവ്യയെ നേരത്തെ വൈദ്യപരിശോധനക്ക് എത്തിച്ചത്. കനത്ത പൊലീസ് കാവലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ശേഷം മുൻവാതിലിലൂടെ പുറത്ത് വന്നു. പൊലീസ് വാഹനത്തിൽ തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരം പൊലീസിൽ ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു. തുടർന്നാണ് മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയത്.
ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ദിവ്യക്ക് നൽകിയിട്ടില്ലെന്നും ജാമ്യഹരജി കോടതിയുടെ മുന്നിലുള്ളതിനാലാണ് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് കമീഷണർ പറഞ്ഞു. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ, പൊലീസിനെ അറിയിച്ച ശേഷം കണ്ണപുരത്ത് പാർട്ടി പ്രവർത്തകർക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നെന്നാണ് വിവരം.