Sunday, November 24, 2024
HomeKeralaആഡംബര ജീവിതത്തിനായി നാത്തൂന്റെ അടക്കം സ്വർണം അടിച്ചുമാറ്റി ; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ആഡംബര ജീവിതത്തിനായി നാത്തൂന്റെ അടക്കം സ്വർണം അടിച്ചുമാറ്റി ; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: ഭർത്താവ് വിദേശത്ത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി വ്ലോഗറാവാനുള്ള ശ്രമങ്ങൾ പാളി. പിന്നാലെ നാത്തൂന്റെ  വീട്ടിൽ അടക്കം മോഷണം നടത്തിയ ഇൻസ്റ്റഗ്രാം താരം അറസ്റ്റിൽ. കൊല്ലം ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന യുവതിയാണ് അറസ്റ്റിലായത്. ജനമഠം സ്വദേശി മുബീനയെയാണ് പൊലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനുള്ളിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായ സംഭവത്തിലെ അന്വേഷണമാണ് ഇൻസ്റ്റഗ്രാം താരത്തെ സിസിടിവി കുടുക്കിയത്. 

സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണത്തിൽ മുബീനയെ സംശയിക്കുന്നതായും മുനീറ പൊലീസിനോട് വിശദമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ നാത്തൂൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

മുബീനയുടെ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാൽ നയിച്ചിരുന്ന ആഢംബര ജീവിതത്തിനുള്ള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പൊലീസിന് അന്വേഷണത്തിൽ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു. തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ആദ്യ ഘട്ടത്തിൽ മോഷണം നടത്തിയെന്ന് താനാണെന്ന് യുവതി സമ്മതിച്ചിരുന്നില്ല. തുടർന്ന് തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് മോഷണവും നടത്തിയത്  താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പൊലീസിനോട് പറഞ്ഞു.  മോഷണം പോയവയിൽ കുറച്ച് സ്വർണ്ണവും പണവും പൊലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!