- മുഖ്യമന്ത്രിയുടെ ഓഫീസ് വേട്ടക്കാർക്കൊപ്പം
*പ്രോസിക്യൂഷന്‍ വാദങ്ങള്‍ തീര്‍ത്തും ദുര്‍ബലം - ദിവ്യക്ക് സിപിഎമ്മിന്റെ സംരക്ഷണം
- പ്രക്ഷോഭം കടുപ്പിക്കാൻ കോൺഗ്രസ്
കണ്ണൂര്‍: സിപിഎമ്മിന്റെ സമ്പൂര്‍ണ സംരക്ഷണത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദഗതികളില്‍ വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. തീര്‍ത്തുംെ ദുര്‍ബലമായ വാദഗതികളുമായി പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ഒത്തുകളിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. ദിവ്യയ്ക്കു വേണ്ടി ഹാജരായത് പി.ശശിയുടെ ഏറ്റവും വിശ്വസ്തനും പ്രമുഖ സിപിഎം നേതാക്കളുടെയെല്ലാം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായ പി.വിശ്വനാണ്. സിപിഎം നേതൃത്വത്തിന്റെ മനസറിവോടെയാണ് വിശ്വന്‍ ദിവ്യയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് കരുതേണ്ടി വരും.
എഡിഎമ്മിനെതിരായി നല്‍കിയ പരാതിയിലടക്കമുള്ള ദുരൂഹതകള്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല. പ്രശാന്തിന്റെ പേരിലും ഒപ്പിലുമുള്ള വ്യത്യസ്തതകളില്‍നിന്നു തന്നെ പരാതി മറ്റാരോ തയ്യാറാക്കിയതെന്ന ബോധ്യമുള്ളപ്പോള്‍ എന്തു കൊണ്ട് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രശാന്തിന്റെ പേരു വെച്ച് കള്ള ഒപ്പിട്ട് തയ്യാറാക്കിയ പരാതി സിപിഎം ഓഫീസില്‍ ഉണ്ടാക്കിയതാണ്. ഇതിലെ യഥാര്‍ത്ഥ വസ്തുത പുറത്തു വരേണ്ടതുണ്ട്. തികച്ചും അനാവശ്യമായ ചില വാദഗതികള്‍ പ്രസോക്യൂഷന്‍ മുന്നോട്ടു വെച്ചത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും ഒത്തുകളിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്.
എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന നിലയില്‍ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയെ ഒരാഴ്ചയായിട്ടും ചോദ്യം ചെയ്യാന്‍ പോയിട്ട് മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ജാമ്യം ലഭിക്കുകയാണെങ്കില്‍ ഇന്നു തന്നെ പോലീസ് മുമ്പാകെ ദിവ്യ ഹാജരാകുമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറയുമ്പോള്‍ ദിവ്യ പുറത്തെവിടെയുമല്ല ഇവിടെ തന്നെയുണ്ടെന്നല്ലേ വ്യക്തമാകുന്നത്. എന്നിട്ടും ദിവ്യയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം എന്തു കൊണ്ട് തയ്യാറാകുന്നില്ല.
ഇരയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് വരുത്തി വേട്ടക്കാരനൊപ്പം കൂടുന്ന ഇരട്ടസമീപനമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പി.ശശിയാണ് ദിവ്യയ്ക്ക് സംരക്ഷണവലയം തീര്‍ക്കുന്നത്. ശശിയെ ഭയന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ ദിവ്യയെ അറസ്റ്റ് ചെയ്യാനോ മൊഴിയെടുക്കാനോ തയ്യാറാകാതിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ ഈ ഒളിച്ചുകളി തുടരാനാണ് പോലീസധികാരികളുടെ തീരുമാനമെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് മുന്നറിയിപ്പു നല്‍കി.
പ്രക്ഷോഭം കടുപ്പിക്കാൻ കോൺഗ്രസ്
മഹിളാ കോൺഗ്രസ് രാപ്പകൽ സത്യാഗ്രഹം ഇന്ന്
കണ്ണൂർ: പി.പി. ദിവ്യയെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിൻ്റെയും പോലീസിൻ്റെയും നിലപാടിനെതിരെ ശക്തമായ സമരപരിപാടികൾ തുടരുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട്
25 ന് രാവിലെ 9.30 മണി മുതൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ 24 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരം നടത്തും. 26 ന് രാവിലെ 9.30 ന് അവസാനിക്കും. കോൺഗ്രസും പോഷക സംഘടനകളും പ്രക്ഷോഭ പരിപാടികൾ തുടരുമെന്ന് ഡിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.