ശ്രീകണ്ഠപുരം : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായി മാലിന്യ കൈകാര്യംചെയ്തതിന് ക്വാർട്ടേഴ്‌സിന് 10,000 രൂപ പിഴ ചുമത്തി. ഇരിക്കൂർ മാർക്കറ്റിന് സമീപത്തെ അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിനാണ് പിഴയിട്ടത്. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ക്വാർട്ടേഴ്‌സിനുസമീപം വലിച്ചെറിഞ്ഞതായും കൂട്ടിയിട്ടതായും ക്വാർട്ടേഴ്‌സിലെ മലിനജല ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിനജലം കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. പിഴ ചുമത്തുകയും മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറാനും മലിന ജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഉടമയ്ക്ക് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ഇരിക്കൂർ പഞ്ചായത്ത് വി.ഇ.ഒ സി.വി. സിനൂപ്, ക്ലർക്ക് അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.