പരിയാരം :പട്ടാപ്പകൽ പൂട്ടിയിട്ടവീടുകളിൽ കവർച്ച നടത്തി സ്വർണ്ണവും പണവുമായി കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിലെ പി.എച്ച്.ആസിഫിനെ (24) യാണ് പരിയാരം ഇൻസ്പെക്ടർ എം. പി. വിനീഷ്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.ഷാജി, എ എസ് ഐമാരായ പ്രകാശൻ, ഷാജു പയ്യന്നൂർ ഡിവൈഎസ്.പി.കെ.വിനോദ് കുമാറിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ നൗഫൽ അഞ്ചില്ലത്ത്, എൻ.അഷറഫ്, രജീഷ് എന്നിവരടങ്ങിയ സംഘം ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് വെച്ച് പിടികൂടിയത്.ഇക്കഴിഞ്ഞ 14 ന് വെള്ളിയാഴ്ച പകൽ ആണ് കവർച്ച.
ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് പോയ തക്കത്തിൽ
ചെറുതാഴംകക്കോണിയിലെ കെ.രാജൻ്റെ വീട്ടിൽ നിന്നും ആറേമുക്കാൽ പവൻ്റെ ആഭരണങ്ങളും 2300 രൂപയും കവർന്നു. 14 ന് രാവിലെ 10 മണിക്കും ഒരു മണിക്കുമിടയിലായിരുന്നു മോഷണം .അടുക്കളയുടെ ഗ്രില്ലും ഡോറും കുത്തിതുറന്ന് അകത്ത് കയറികിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് സ്വർണ്ണമാല ,വളകൾ ഉൾപ്പെടെമകളുടെ ആഭരണവും ഭാര്യയുടെ പണവുമാണ് പ്രതി കവർന്നത്.
ചെറുതാഴം അറത്തിപറമ്പ് കുതിരുമ്മലിലെ കെ.വി. സാവിത്രിയുടെ വീട്ടിലാണ് രണ്ടാമത്തെ മോഷണം. വീട് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ചെയിൻ, മോതിരം, കമ്മൽ, ഉൾപ്പെടെ രണ്ടരപവൻ്റെ സ്വർണ്ണാഭരണങ്ങളും 18,000 രൂപയും കവർന്നു.14 ന് ഉച്ചക്ക് 12 മണിക്കും വൈകുന്നേരം 5 മണിക്കുമിടയിലാണ് മോഷണം നടന്നത്. .വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വിവിധ സ്റ്റേഷനുകളിലായി 33 ഓളം മോഷണകേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. എല്ലാ വീടുകളിലും പട്ടാപ്പകലാണ് കവർച്ച നടത്തുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷൻ, വളപട്ടണം ,പഴയങ്ങാടി, പയ്യന്നൂർ, ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ് ,തുടങ്ങി ഇരു ജില്ലകളിലുമായി ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. മോഷണമുതലുകൾ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.