Sunday, February 23, 2025
HomeSportsസെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; മുന്നൂറ് കടന്ന് കേരളം, സെമിയില്‍ ഗുജറാത്തിനെതിരേ മികച്ച നിലയില്‍

സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; മുന്നൂറ് കടന്ന് കേരളം, സെമിയില്‍ ഗുജറാത്തിനെതിരേ മികച്ച നിലയില്‍

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ആറാംവിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറും ഒന്നുചേര്‍ന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയര്‍ത്തു. ആദ്യ ഇന്നിങ്‌സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ തലേന്നത്തെ ഹീറോ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല. 

തുടര്‍ന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട്‌ ) സല്‍മാന്‍ നിസാറും (36നോട്ടൗട്ട്‌) ക്രീസില്‍ ഒന്നിച്ചു. ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്. 

നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്‌സേനയും 30 ആണ് നേരത്തേ പുറത്തായത്. കരുതലോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ക്ഷമയോടെ ബാറ്റുവീശിയ ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു. 

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈക്കെതിരേ ശക്തമായ നിലയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!