Monday, February 24, 2025
HomeKannurഓമനക്കാഴ്ചയ്ക്ക് ചൂളിയാട് ഒരുങ്ങി വാഴക്കുലകൾ ഇന്ന്പഴുക്കാനായി കുഴികളിൽ വയ്ക്കും

ഓമനക്കാഴ്ചയ്ക്ക് ചൂളിയാട് ഒരുങ്ങി വാഴക്കുലകൾ ഇന്ന്പഴുക്കാനായി കുഴികളിൽ വയ്ക്കും

കാർഷിക സംസ്ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച.
പയ്യാവൂർ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും, കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങൾ കുഭം 10 ന് ഫിബ്രവരി 22 ന്.പയ്യാവൂരി ലെത്തുന്നു.വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും സംഗമ വേദിയായി പയ്യാവൂർ മാറുന്നു.
പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടുൽസവം മുടങ്ങി പോയെന്നും അതേ തുടർന്ന് സാക്ഷാൽ പരമശിവൻ നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടിൽ നിന്നും, ഇളനീർ ചേടിച്ചേരി നാട്ടിൽ നിന്നും, മോര് കൂനനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുൽസവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യ സമുദായത്തിൽ പെട്ടവർക്കാണ് അതിന്റെ അവകാശം .ഒരു വീട്ടിലെ പുരുഷപ്രജക്ക് 2 വാഴക്കുല വീതം എന്നാണ് കണക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ഒരു ജനത മുഴുവനായും.
2021ൽ ലോകം നടുങ്ങിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓമനക്കാഴ്ച ചടങ്ങ് മാത്രമാക്കി ചുരുക്കിയിരുന്നു. വാമൊഴിയായും വരമൊഴിയായും
കേട്ടു വന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഓമനക്കാഴ്ചയുടെ ചരിത്രം പരിശോധിച്ചാൽ 2021 മാത്രമാണ് പൊലിമ ഇല്ലാതെ ചടങ്ങ് മാത്രമായി നടത്തേണ്ടിവന്നത്.
വിവിധ ദേശക്കാരുടെ കാഴ്ചകളിൽ സംഘബലത്തിന്റെ കരുത്ത് കൊണ്ടും ഉടവ് തട്ടാത്ത ഉൽസാഹം കൊണ്ടും ചുളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂർ ഊട്ടുത്സവം എന്ന് കേട്ടാൽ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്.
കുഭം പിറന്നാൽ വ്രതാനുഷ്ടാനങ്ങൾ ആരംഭിക്കുന്നു മൽസ്യ മാംസാദികൾ വെടിഞ്ഞ് വാഴക്കുലകൾ അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യിൽ, കുറ്റിയാട്ടൂർ, ബ്ലാത്തൂർ, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴക്കുലകൾ ശേഖരിക്കുന്നു .കുഭം 6 ന് വൈകീട്ട് 4 മണിയോടെ തൈവളപ്പ്, നല്ലൂർ,തടത്തിൽകാവ് ചമ്പോച്ചേരി, മപ്പുരക്കിൽ എന്നീ അഞ്ചു കുഴികളിലായി കുലകൾ പഴുക്കാൻ വയ്ക്കുന്നു. കുംഭം 9 ന് രാവിലെ പുറത്തെടുത്ത കുലകൾ അഞ്ചു കുഴികൾക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു. കുഭം 10 ന് രാവിലെ 10 മണിയോടെ തടത്തിൽ കാവിൽ നിന്നും പുറപ്പെടുന്ന ഓമനകാഴ്ചയെ മേലായി കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാർ ഓലക്കുടയുമായി നയിക്കും. വാദ്യമേളങ്ങൾ മുത്തുക്കുട ആലവട്ടം,വെഞ്ചാമരം അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി നഗ്നപാതരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകൾ 15 കിലോമീറ്റൽ അകലെയുള്ള പയ്യാവൂർ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും. ഓമനക്കാഴ്ചയിൽ അവസാനം കണ്ണി ചേരുന്ന വർ അടുവാപ്പുറം തൈവളപ്പിൽ എത്തുമ്പോഴേക്കും യാത്ര അയപ്പിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. ചുളിയാട്ടെ ആ ബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോൾ ഗ്രാമം നിറയും .ഓമനക്കാഴ്ച ആദിത്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ് ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വികരിക്കും. ആദിവസം ലോകത്തെവിടെയായാലും ചൂളിയാട്ടുകാർ നാട്ടിലെത്തും. വിവാഹം കഴിഞ്ഞ് പോയവർ വിദൂരദേശത്ത് ജോലിക്ക് പോയവർ നാട്ടിലെത്താൻ കൊതിക്കുന്ന ഉത്സവദിനം കൂടിയാണ് കുഭം പത്ത്. സ്നേഹ ബന്ധങ്ങളുടെയും കുട്ടായ്മയുടെയും സന്ദേശമാണ് ഇതിൽ നിന്നും ദർശിക്കാനാവുക പുറമെ നിന്ന് എത്തുന്നവരെ ആദിത്യ മര്യാദയോടെ സ്വീകരിക്കുകയും എല്ലാ വീടുകളിലും അപ്പവും പഴവും നൽകിയുള്ള സൽക്കാരവും ഈ സുദിനത്തിന്റെ പ്രത്യേക തയാണ് ലളിതമെങ്കിലും വിഭവ സമൃദ്ധമായ വിരുന്നിന്റെ നൈർമല്യവും നാടിന്റെ വിശുദ്ധിയുടെ ഓർമ്മകളുമാണ് ഈദിനം നാട്ടുകാർക്ക് സമ്മാനിക്കുന്നത്.. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയായാലും നാട്ടിലെത്തണമെന്ന ശാഠ്യം ഇവിടുത്ത്കാർക്ക് ഉണ്ടാകുന്നു .കാഴ്ച പുറപ്പെടുന്ന ദിവസം അടുവാപ്പുറം ആൽത്തറയിൽ
പാനകം നൽകുന്ന പതിവുണ്ട് വെല്ലവും ചുക്കും ഏലക്കായും ചേർത്ത പാനക വെള്ളം ഓമനക്കാഴ്ചയുടെ യാത്ര അയപ്പിന് എത്തുന്നവർ കുടിക്കാതെ പോവാറില്ല .അടുവാപ്പുറത്തു നിന്നും കണിയാർ വയൽ വയക്കര ബാലങ്കരി കാഞ്ഞിലേരി വഴി ഇരുഡ് പുഴയിൽ മുങ്ങി നിവർന്ന കാഴ്ചക്കാർ 4 മണിയോടെ പയ്യാറ്റ് വയലിൽ എത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യമൃത് കാരോടൊപ്പംകാഴ്ചയെ എതിരേൽക്കും. തുടർന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്രസന്നിധിയിൽ അർപ്പിക്കും. ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന കാർഷിക സാംസ്ക്കാരിക കാർഷിക ഉൽസവമാണ് ഓമന കാഴ്ച.ജനങ്ങളുടെ സാംസ്ക്കാരിക നിർവൃതി ചുളിയാടിന്റെ കാർഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു.
സി പവിത്രൻ സെക്രട്ടറിയും, ടി ഹരിദാസൻ പ്രസിഡണ്ടുമായ കമ്മറ്റിയുടെ പൂർണ്ണമേൽനോട്ടത്തിലാണ് ഓമനക്കാഴ്ചയുടെ മുഴുവൻ ചടങ്ങുകളും നടത്തുന്നത്. കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു ഇരുനിലഓഫീസ് കെട്ടിടവും ചൂളിയാട് പ്രവർത്തിക്കുന്നുണ്ട്.

✍️പി.കെ രാജേഷ് അടുവാപ്പുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!