കോഴിക്കോട് ജില്ലയിൽ നിന്നും നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കണ്ണൂർ ജില്ലയിലേക്ക് വിതരണം ചെയ്യാൻ വേണ്ടി കടത്തുകയായിരുന്ന വാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡും മട്ടന്നൂർ നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി.പല വലിപ്പത്തിലുള്ള ഒന്നര ക്വിൻ്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് മട്ടന്നൂരിൽ സ്ക്വാഡ് പിടിച്ചെടുത്തത്. ഉരുവച്ചാൽ മുതൽ വാഹനം സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. ക്യാരീ ബാഗ് കവറുകൾക്ക് പുറത്ത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എച്ച് എം കവർ എന്ന് രേഖപ്പെടുത്തിയതായും സ്ക്വാഡ് കണ്ടെത്തി. ഇരിട്ടി പേരാവൂർ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള നിരോധിത ഉൽപന്നങ്ങളാണ് വണ്ടിയിൽ നിന്ന് കണ്ടെടുത്തത്. വടകരയിലെ ടി വി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നൈലോൺ എന്ന സ്ഥാപനത്തിൻ്റെ KL.18G 2424 എന്ന വാഹനത്തിൽ നിന്നുമാണ് നിരോധിത ഉൽപ്പന്നങ്ങൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. ഇതേ വാഹനത്തിൽ നിന്നും രണ്ടാം തവണയാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നത്. നിയമലംഘനം ആവർത്തിച്ചതിനാൽ 25000 രൂപ ഫൈൻ ചുമത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്
മട്ടന്നൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം ,എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ശരീകുൽ അൻസാർ, മട്ടന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.കെ.കുഞ്ഞിരാമൻ ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
പ്രസാദ് കെ.എം, നന്ദിത എന്നിവർ പങ്കെടുത്തു. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഒറ്റത്തവണ ഉപയോഗ നിരോധിത പ്ളാസ്റ്റിക് ഉൽപന്നം വിതരണം ചെയ്യുന്ന വാഹനം പിടികൂടുന്നത്.