കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.
വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം മുറി എടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കൂടെയാരും ഇല്ലെന്നാണ് നിഗമനം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യ ശ്രമം.
2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍ നിന്നും എടുത്ത് കൊണ്ടു പോയി കടപ്പുറത്തെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു.
ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നര വയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.
പ്രണവ്-ശരണ്യ ദമ്പതികളുടെ മകന്‍ വിയാൻ്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കരിങ്കല്‍ ഭിത്തികൾക്ക് ഇടയില്‍ നിന്നാണ് കണ്ടെത്തിയത്.
പ്രണയിച്ച് വിവാഹിതരായവർ ആയിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.