വയനാട് ഡി സി സി ട്രഷറായിരുന്ന എൻ എം വിജയൻ്റെ ആത്മഹത്യയിൽ കെ സുധാകരൻ്റെ മൊഴിയെടുത്ത് പൊലീസ്. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ സംഘമാണ് കെ സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ബത്തേരി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കെ സുധാകരൻ നോട്ടീസ് അയച്ചിരുന്നു. എൻ എം വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കെപിസിസി പ്രസിഡൻറ് കെ സുധാകരന് ഒരു കത്ത് നൽകിയിരുന്നു. എപ്പോഴാണ് കത്ത് എൻ എം വിജയൻ നൽകിയത് ഇതിൽ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ വിവരങ്ങളാണ് പൊലീസ് കെ സുധാകരനിൽ നിന്ന് ശേഖരിച്ചത്
കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി കൃത്യമായി നൽകിയെന്ന് കെ സുധാകരൻ മൊഴിയെടുക്കലിന് ശേഷം പ്രതികരിച്ചു. കെപിസിസി സമിതി ഈ കാര്യങ്ങളെല്ലാം അന്വേഷിച്ചതാണ്, അതിൽ തെറ്റുകാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു. നേതാക്കൾ നിയമനക്കൊഴയിൽ കുരുങ്ങി നിൽക്കുമ്പോഴാണ് വിജയൻ കത്തയച്ചത്. പ്രശ്‌നത്തിൽ ഇടപെടണമെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നായിരുന്നു. ഇതിൻ്റെ പകർപ്പ് അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്.
എൻ എം വിജയൻ്റെയും മകൻ ജിജേഷിൻ്റെയും ആത്മഹത്യയും ഇതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ ആത്മഹത്യ പ്രേരണ കേസിലെ പ്രതികൾ.