Thursday, January 23, 2025
HomeKeralaഗോപൻ സ്വാമിയുടെ ‘സമാധി കല്ലറ’ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി

ഗോപൻ സ്വാമിയുടെ ‘സമാധി കല്ലറ’ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ദുരൂഹസാഹചര്യത്തിൽ ‘സമാധിയായ’ മണിയൻ എന്ന ഗോപൻ സ്വാമി മരിച്ചോ, മരിച്ചെങ്കിൽ എങ്ങനെ എന്ന് കണ്ടെത്താൻ വിവാദ കല്ലറ പൊലീസ് സാന്നിധ്യത്തിൽ തുറന്നു. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. 

കോടതി ഇടപെടലിന്‍റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ തന്നെ കല്ലറ പൊളിച്ച്​ പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും. ഇന്ന​ലെ രാത്രി സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു.

നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻ ബി.എം.എസ് പ്രവർത്തകനായിരുന്നു. നാലുവർഷം മുമ്പാണ് ചുമട്ടുതൊഴിൽ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടിൽ പോയാണ് സന്യാസിയായത്. 

കല്ലറ പൊളിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ചത്​ ഗോപൻ സ്വാമിയുടെ കുടുംബത്തിന്​ തിരിച്ചടിയായി. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച്​​ ജില്ല ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു. ആർ.ഡി.ഒ നിർദേശിച്ചാൽ കല്ലറ പൊളിച്ച്​ ഇൻക്വസ്റ്റ്​, പോസ്റ്റ്​മോർട്ടം തുടങ്ങിയവ പൂർത്തിയാക്കുമെന്ന്​ റൂറൽ എസ്​.പി കെ.എസ്​. സുദർശൻ ‘മാധ്യമ’ത്തോട്​ പറഞ്ഞിരുന്നു.

അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. 

എന്നാൽ, പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്​പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന്‌ തടഞ്ഞു. കല്ലറ പൊളിക്കുന്നത്‌ പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ്‌ കുടുംബത്തിന്‌. 

അയൽവാസി വിശ്വംഭരന്‍റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതിനും കല്ലറ പരിശോധിക്കുന്നതിലുൾപ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിലാണ് ‘സമാധി’ കോടതി കയറിയത്. കാണാതായ ആളെ കണ്ടെത്തുകയോ മരിച്ചെങ്കിൽ അതിന്‍റെ കാര്യകാരണങ്ങൾ കണ്ടെത്തി കോടതിയെ ബോധിപ്പിക്കുകയോ ചെയ്യേണ്ട പൊലീസ്​ വരുത്തിയ അലംഭാവം പ്രശ്നം കൂടുതൽ സങ്കീർണമാക്കി. 

അതിനിടെ, പരാതിക്കാരനായ വിശ്വംഭരനല്ല, സമീപത്ത് ഭൂമിയുള്ള മുസ്ലിമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് പ്രചരിപ്പിച്ച് സാമുദായിക കലാപത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗോപൻ സ്വാമിയുടെ മകൻ ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!