പയ്യന്നൂർ : സംസ്ഥാന പവർ ഫെസ്റ്റിന്റെ പ്രചാരണാർഥം പയ്യന്നൂർ ടൗണിൽ മിനി മാരത്തൺ നടത്തി. പയ്യന്നൂർ ഷേണായി സ്ക്വയറിൽ ടി. ഐ.മധുസൂദനൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. പോത്തേര കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പയ്യന്നൂർ ഡിവൈഎസ്.പി കെ.വിനോദ് കുമാർ മുഖ്യാതിഥിയായി. മാരത്തൺ മെയിൻ റോഡ്, പെരുമ്പ, ബൈപ്പാസ് റോഡ് വഴി ഷേണായി സ്ക്വയറിൽ സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള 300-ഓളം കായിക താരങ്ങൾ പങ്കെടുത്തു. ഷിബിൻ ആന്റോ (കോട്ടയം), റിജിൻ ബാബു (കോട്ടയം), ആനന്ദ് (മലപ്പുറം) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയകൾക്ക് 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു. 15ന് താഴെ പ്രായമുള്ള വിഭാഗത്തിൽ ആദ്യം മത്സരം പൂർത്തിയാക്കിയ അജ്നാസ്, കൃഷ്ണപ്രിയ വനിതകളിൽ ആദ്യം പൂർത്തിയാക്കിയ ശ്രീതു, വിഷ്ണുപ്രിയ ബിനോയ് 60 വയസ്സിന് മുകളിൽ കരുണാകരൻ, സി.നാരായണൻ നായർ എന്നിവർക്കും പ്രത്യേക സമ്മാനം ലഭിച്ചു. ടി.വിശ്വനാഥൻ, പി.ശ്യാമള തുടങ്ങിയവർ സംബന്ധിച്ചു. സംഘാടകസമിതി ചെയർമാൻ പി.എ.സന്തോഷ്, വി.നന്ദകുമാർ, സി.വി.രാജു, ഡി.സുനിൽ, മധു ഒറിജിൻ, രഘു, വി.വി.ബിജു, പി.പി. കൃഷ്ണൻ, പ്രകാശൻ, കെ.ഹരിഹർകുമാർ, എം.പി.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.