മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ കിരാച്ചിയിലെ രാജൻ വേങ്ങാട് എന്ന കർഷകൻ 150 സെന്റിൽ കൃഷി ചെയ്ത100 പ്ലാവ് കൃഷിയുടെ ചക്ക വിളവെടുപ്പ് വാർഡ് മെമ്പർ എൻ. കെ. ഷാജന്റെ അധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. 2022 വർഷത്തിൽ ഫലവൃക്ഷ കൃഷി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ 15 ഏക്കറിൽ തുടങ്ങി 2024 ആയപ്പോഴേക്കും 55 ഏക്കറിൽ വിവിധ പദ്ധതികളിൽ ആയി ഉൾപ്പെടുത്തി പഞ്ചായത്തിലെ 110 കർഷകർക്ക് പ്രയോജനം ലഭിച്ചു. കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി റംബുട്ടാൻ, പ്ലാവ്, മാവ് എന്നീ ഫലവൃക്ഷങ്ങൾ ആണ് വിതരണം ചെയ്തത്.കേരളം ഔദ്യോഗികമായി ചക്ക നമ്മുടെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ധാരാളം പോഷകമൂല്യവും ഔഷധഗുണവും ചക്കക്കുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചക്ക സഹായിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ഹൃദ്യോഗത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്ട്രോൾ രഹിത ഭക്ഷണമാണ് ചക്ക. ഇതിൽ കൊഴുപ്പ് ഇല്ലാത്തതിനാൽ വണ്ണം കുറക്കാൻ ആലോചിക്കുന്നവർക്ക് അനുയോജ്യമാണ്. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തു തോൽപ്പിക്കാനും ചക്ക സഹായിക്കുന്നു. ചക്കയിൽ നിന്ന് വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ സംരംഭങ്ങൾ തുടങ്ങുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ചക്ക കൊണ്ട് ചിപ്സ് മുതൽ ജ്യൂസ് വരെ ഉണ്ടാക്കാൻ സാധിക്കുന്നു. പച്ച ചക്ക ഇൻസുലിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഉദ്ഘാടന പരിപാടിയിൽ പദ്ധതി വിശദീകരണം കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർഷീന വിനോദ് നടത്തി. കൃഷി ഓഫീസർ അനു.ആർ, വാർഡ് മെമ്പർ ആയ സ്വേത.പി, കൃഷി അസിസ്റ്റന്റ് മാരായ വിജേഷ്. കെ, ആർ. സന്തോഷ് കുമാർ, എ. വത്സൻ,പി.സി.ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.