കോർപ്പറേഷൻ പരിധിയിൽ വർദ്ധിച്ച് വരുന്ന തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുള്ളതായി മേയർ മുസ്ലിഹ് മഠത്തിൽ. തെരുവ് നായകളുടെ അക്രമം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ നടപടികൾ സ്വീകരിക്കുന്നില്ല എന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു. തെരുവ് നായകളുടെ നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്തിൽ പദ്ധതി നിലവിലുണ്ട്. ഈ പദ്ധതിക്ക് കോർപ്പറേഷൻ്റെ വിഹിതമായി 20 ലക്ഷം രൂപ അടച്ച് നൽകിയിട്ടുണ്ട്. തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് ഷെൽട്ടർ സംവിധാനം ഒരുക്കുന്നതിന് സർക്കാർ തലത്തിൽ ചർച്ചകൾ നടന്നെങ്കിലും ഇതുവരെയായി നടപടികൾ ആയിട്ടില്ല. സംസ്ഥാന സർക്കാർ തന്നെ കേന്ദീകൃതമായ ഒരു സംവിധാനം ഒരുക്കേണ്ടതാണ്. ഇത് വരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്നതിന് പകരം കോർപ്പറേഷനെതിരെയുള്ള പ്രതിഷേധം വെറും നാടകം മാത്രമാണെന്നും മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നതിനുള്ള തന്ത്രമായി ഇതിനെ കാണാമെന്നും മേയർ പറഞ്ഞു.സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേര് വിവരം പുറത്ത് വിടാൻ സർക്കാർ തയാറാകണം.സ്വന്തം അണികൾ തന്നെ ഉൾപ്പെട്ടതിനാലാണോ പേര് വിവരം പുറത്ത് വിടുന്നതിന് സർക്കാർ മടി കാണിക്കുന്നത് എന്ന് സംശയിക്കുന്നതായി സുരേഷ് ബാബു എളയാവൂർ പറഞ്ഞു.യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, പി.ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, സാബിറ ടീച്ചർ, സുകന്യ ടീച്ചർ, കെ.പി. റാഷിദ് ടി.രവീന്ദ്രൻ , വത്സലൻ,കെ.പ്രദീപൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.