പാലയാട് : പി.എസ്.സി. വഴി ജോലിനേടുക എന്നതിനപ്പുറം സ്വയംസംരംഭകരാകാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും വിശാലമായി ചിന്തിക്കാൻ കഴിയണമെന്നും സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പറഞ്ഞു. തലശ്ശേരി നെട്ടൂർ എൻ.ടി.ടി.എഫ്. തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ 65-ാം വാർഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പാലയാട് അസാപ് എൻ.ടി.ടി.എഫ്. കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആർ. അയ്യപ്പൻ അധ്യക്ഷതവഹിച്ചു. അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് ഹെഡ് ലഫ്. കമാൻഡർ ഇ.വി. സജിത് കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം കെ. പ്രീത, വൈസ് പ്രിൻസിപ്പൽ വി.എം. സരസ്വതി, സീനിയർ ഓഫീസർ വികാസ് പലേരി തുടങ്ങിയവർ സംസാരിച്ചു. തലശ്ശേരി എൻ.ടി.ടി.എഫിലെ പൂർവവിദ്യാർഥിയും രാജ്യത്തെതന്നെ ആദ്യ വനിതാ ടൂൾ ആൻഡ് ഡൈ എൻജിനീയറുമായ പി.വി. രാജലക്ഷ്മിയെ ആദരിച്ചു. പൂർവവിദ്യാർഥി സംഗമവും നടന്നു.