ഇരിട്ടി : ഇരിട്ടി താലൂക്ക് ആസ്പത്രി അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകുന്നു. ആസ്പത്രിക്കായി 45 ലക്ഷം രൂപ ചെലവിൽ തയ്യാറാകുന്ന കുടിവെള്ളപദ്ധതി അടുത്തമാസത്തോടെ പൂർത്തിയാകും. പഴശ്ശി പദ്ധതി പ്രദേശത്ത് നേരമ്പോക്ക് വയലിൽ നിർമിക്കുന്ന കിണറിന്റെ പ്രവർത്തി അന്തിമഘട്ടത്തിലാണ്.
കടുത്ത വേനലിൽ പോലും വറ്റാത്തവിധം പദ്ധതിപ്രദേശത്തെ വെള്ളത്തെക്കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് കിണർ നിർമിക്കുന്നത്.
ഇവിടെനിന്ന് വെള്ളം ആസ്പത്രിയുടെ മുറ്റത്ത് ഭൂമിക്കടിയിൽ സ്ഥാപിച്ച വലിയ ടാങ്കിലേക്ക് പമ്പ് ചെയ്ത് അവിടെനിന്ന് വിതരണശ്യംഖല വഴി ആസ്പത്രിയുടെ നിലവിലുള്ള ബ്ലോക്കുകളിലേക്കും 50 കോടിരൂപ ചിലവിൽ പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിലേക്കും എത്തിക്കാൻ കഴിയുംവിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
വെള്ളത്തിന്റെ കടുത്ത ക്ഷാമം മൂലമാണ് താലൂക്ക് ആസ്പത്രിയിൽ മൂന്ന് ഷിഫ്റ്റ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ഡയാലിസിസിനായി നിരവധിപേരാണ് രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതയും സാമ്പത്തിക സമാഹരണവും ലക്ഷ്യത്തിലേത്തുന്നതോടെ ഡയാലിസിസിന്റെ മൂന്നാം യൂണിറ്റും ആരംഭിക്കാൻ കഴിയും.
വർഷങ്ങൾക്ക് മുമ്പുള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ കുടിവെള്ള പദ്ധതിയിൽനിന്നാണ് നിലവിൽ ആസ്പത്രിയിലേക്ക് വെള്ളം എത്തിക്കുന്നത്. ഇത് ആസ്പത്രിയുടെ ഉപയോഗത്തിന് തികയുന്നില്ല.
വേനൽക്കാലമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകും. കടുത്ത വേനലിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് ഐ.പി. വാർഡുകളിലേക്കും മറ്റും നൽകുന്നത്.
നഗരസഭയുടെ പദ്ധതിവിഹിതത്തിൽനിന്നാണ് കുടിവെള്ള പദ്ധതിക്കായി പണം അനുവദിക്കുന്നത്.
ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ എത്തുന്ന ആസ്പത്രിയിലെ ജലക്ഷാമം നഗരസഭയ്ക്കും ആസ്പത്രി അധികൃതർക്കും തലവേദനയായിരുന്നു. നിരവധി പദ്ധതികൾ ആലോചനയിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. കിണർ കുഴിക്കുന്നതിന് പദ്ധതിപ്രദേശത്ത് സ്ഥലം അനുവദിക്കുന്നതിന് പഴശ്ശി ജലസേചന വിഭാഗം അധികൃതരിൽനിന്ന് ആനുകൂല നിലപാട് ഉണ്ടായതോടെയാണ് ഇപ്പോൾ പദ്ധതി യാഥാർഥ്യമാകുന്നത്.
ഡിസംബർ അവസാനത്തോടെ പദ്ധതിയിൽനിന്നുള്ള വെള്ളം ആസ്പത്രിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാധ്യക്ഷ കെ. ശ്രീലത പറഞ്ഞു.