സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കും– ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
66-ാമത് സംസ്ഥാനതല സ്‌കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് 3 മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗുസ്തി ഇനത്തോടെ ആരംഭിച്ച ഗ്രൂപ്പ്-3 മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഒന്നാമതെത്തുന്ന കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് അവര്‍ പങ്കെടുത്ത മത്സരയിനത്തിലെ ഉപകരണം നല്‍കും. മത്സരാര്‍ത്ഥികള്‍ക്ക് അവരവരുടെ ജില്ലകളിലേക്ക് വിജയ സമ്മാനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കണം. സംസ്ഥാനത്ത് കലാമത്സരങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം കായിക മത്സരങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഒക്ടോബര്‍ ഒമ്പത് വരെ കണ്ണൂരിലെ വിവിധ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റെസ്ലിങ് മത്സരങ്ങളും തായ്ക്കോണ്ടോ മത്സരങ്ങളുമാണ് നടക്കുക. ബാസ്‌കറ്റ്‌ബോള്‍ മത്സരം തലശ്ശേരി ബാസ്‌കറ്റ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും യോഗാസനാ മത്സരങ്ങള്‍ ജി.വ.ിഎച്ച്.എസ്.എസ് സ്‌പോര്‍ട്സിലും ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍ തലശ്ശേരി സായി സെന്ററിലും ആര്‍ച്ചറി മത്സരം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 2000 ത്തോളം കായികപ്രതിഭകള്‍ മത്സരിക്കും. സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും.
പരിപാടിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ് പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍, ഹയര്‍ സെക്കന്‍ഡറി കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.വി പ്രേമരാജന്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, ആര്‍.ഡി.എസ്.ജി.എ കണ്ണുൂര്‍ സെക്രട്ടറി സി.എം നിധിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പി.പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.