വിദ്യാനഗർ: സ്കൂട്ടർ യാത്രക്കാരനെ മുൻ വിരോധം വെച്ച് ലോറി ഇടിച്ച് കൊല്ലാൻ ശ്രമം പ്രതി പിടിയിൽ. മുളിയാർ എടനീർ സ്വദേശി ചപ്പാടി ഹൗസിൽ അബ്ദുള്ള കുഞ്ഞി (52) യെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 5.10 മണിക്ക് പാടി എടനീർ വെച്ചാണ് സംഭവം. എടനീരിലെ ബൾക്കീസ് ഹൗസിൽ സി.എച്ച്. അബ്ദുൾ റഹ്മാനെ (64)യാണ് പ്രതി ലോറി ഇടിച്ച് വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ മാസ്തി കുണ്ടിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ഇരുവരും തമ്മിൽ സ്വത്തു സംബന്ധമായ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട് അടിപിടിയും മറ്റുമായി ആദൂർ പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസ് നിലവിലുണ്ട്. ഈ വൈരാഗ്യം നിലനിൽക്കെയാണ് പരാതിക്കാരൻ ഓടിച്ചു പോകുകയായിരുന്ന സ്കൂട്ടറിൽ പ്രതി ലോറിയിടിച്ച് വധിക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെത്തിയ പോലീസ് മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.