കഥകളി പിറന്ന നാട്ടിൽ ഒരാഴ്ചയായി അരങ്ങേറുന്ന കഥകളി ഉത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ അരങ്ങേറുന്ന കാലകേയവധം അവസാന ഭാഗത്തോടെ സമാപനം കുറിക്കും. മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റർ തഞ്ചാവൂരും, ശ്രീ മൃദംഗശൈലേശ്വരി ദേവസ്വവും ചേർന്ന് ഏഴു ദിവസമായി നടത്തിവരുന്ന കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിനാണ് വ്യാഴാഴ്ച ധനാശി പാടുന്നത്. കഥകളി അരങ്ങൊഴിയുമ്പോൾ അവസാന വേഷം സദസ്യരെ കൈകൂപ്പിയും ദേവതകളെ സ്തുതിച്ചു കൊണ്ടും നടത്തുന്ന നടനമാണ് ‘ധനാശി ‘.
കഥകളി രംഗത്തെ പ്രഗദ്ഭരായ താരങ്ങളാണ് വ്യാഴാഴ്ച നടക്കുന്ന കാലാകേയവധത്തിൽ അരങ്ങിലെത്തുക. ഉർവശിയായി മാർഗി വിജയകുമാറും കാലകേയനായി കോട്ടക്കൽ ദേവദാസും അർജുനനായി കലാമണ്ഡലം ഷണ്മുഖദാസ് ഇന്ദ്രനായി കലാ ആദിത്യനും രംഗത്തെത്തും. പ്രശസ്തരും പ്രഗദ്ഭരുമായ കലാകാരന്മാർ പാട്ടിലും ചെണ്ടയിലും മദ്ദളത്തിലും അരങ്ങിന് കൊഴുപ്പേകും.
ബുധനാഴ്ച വൈകിട്ട് നടന്ന നിവാതകവചകാലകേയവധം കഥകളിയിൽ അർജുനനായി കലാമണ്ഡലം ശ്രീകുമാർ, ഇന്ദ്രനായി കലാമണ്ഡലം പ്രശാന്ത് പത്മന, മാതലി ആയി കലാമണ്ഡലം പ്രശാന്ത് വെള്ളൂർ എന്നിവർ കളിയരങ്ങ് ഗംഭീരമാക്കി.
ചിട്ടപ്രധാനമായ കാലകേയവധം കഥകളിക്ക് സംഗീതം പകർന്നത് കലാമണ്ഡലം ബാബു നമ്പൂതിരി കലാമണ്ഡലം വിനോദ് കലാമണ്ഡലം അജേഷ് പ്രഭാകർ കലാമണ്ഡലം വിശ്വാസ് ചെണ്ടയിൽ കലാമണ്ഡലം കൃഷ്ണദാസ് കലാമണ്ഡലം വേണു മോഹൻ കലാമണ്ഡലം ശ്രീഹരി മദ്ദളത്തിൽ കലാമണ്ഡലം രാജനാരായണൻ, സതീഷ് നമ്പൂതിരി, കലാമണ്ഡലം പ്രശാന്ത് എന്നിവർ പക്കമേളം തീർത്തു