ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്ന് ശത്രുക്കൾ ആരോപിക്കുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
1942 മാര്‍ച്ച് 26ന് ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. രണ്ടു മക്കളാണ് അവര്‍ക്കുള്ളത്. 1955ല്‍ ശ്രീമതി ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടു്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.
1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല്‍ 1977 മാര്‍ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പു മന്ത്രികൂടിയായിരുന്നു അവര്‍. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ പഌനിംങ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണായി പ്രവര്‍ത്തിച്ചു. 1980 ജനുവരി 14ന് അവര്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡെല്‍ഹി സര്‍വകലാശാല കോര്‍ട്ടംഗമായും 1960-64ല്‍ യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗമായും 1962ല്‍ ദേശീയ പ്രതിരോധ കൗസിലംഗമായും പ്രവര്‍ത്തിച്ചു. സംഗീത നാടക അക്കാദമി, നാഷണല്‍ ഇന്റഗ്രേഷന്‍ കൗസില്‍, ഹിമാലയന്‍ മൗണ്ടനീയറിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി, ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് തുടങ്ങിയ സംഘടനകളിലും അവര്‍ സജീവമായിരുന്നു.
1964 ഓഗസ്റ്റില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1967 ഫെബ്രുവരി വരെ അംഗമായി തുടര്‍ന്നു. നാല്, അഞ്ച്, ആറ് ലോക്‌സഭകളില്‍ അംഗമായിരുന്നു. 1980 ജനുവരിയില്‍ നടന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ റായ്ബറേലിയില്‍നിന്നും ആന്ധ്രാപ്രദേശിലെ മേഡക്കില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മേഡക്ക് നിലനിര്‍ത്താനും റായ്ബറേലിയിലെ അംഗത്വം ഉപേക്ഷിക്കാനുമായിരുന്നു അവരുടെ തീരുമാനം. 1967-77ലും 1980 ജനുവരിയിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളും താല്‍പര്യങ്ങളും വേറിട്ടുനില്‍ക്കുതല്ലെന്നു വിശ്വസിച്ച അവര്‍ ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ സജീവ താല്‍പര്യമെടുത്തിരുന്നു.
ചെറുതും വലുതുമായി എത്രയോ ബഹുമതികളാണു ശീമതി ഗാന്ധിക്കു ലഭിച്ചിട്ടുള്ളത്. 1972ല്‍ ഭാരത രത്‌ന, 1972ല്‍ മെക്‌സിക്കന്‍ അക്കാദമി അവാര്‍ഡ് ഫോര്‍ ലിബറേഷന്‍ ഓഫ് ബംഗഌദേശ്, 1973ല്‍ എഫ്.എ.ഒയുടെ രണ്ടാമത് വാര്‍ഷിക പുരസ്‌കാരം, 1976ല്‍ നഗരി പ്രചാരിണി സഭയുടെ സാഹിത്യ വാചസ്പതി (ഹിന്ദി) അവാര്‍ഡ് എന്നിവ ലഭിച്ചു. 1953ല്‍ യു.എസ്.എ. മദേഴ്‌സ് അവാര്‍ഡും ഇറ്റലിയുടെ ഇസല്‍ബെല്ല ഡി’ എസ്റ്റെ അവാര്‍ഡും നയതന്ത്രമികവിനു യേല്‍ സര്‍വകലാശാലയുടെ ഹൗലാന്‍ഡ് മെമ്മോറിയല്‍ പ്രൈസും ലഭിച്ചിട്ടുണ്ട്. 1967ലും 68ലും ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഒപ്പീനിയന്‍ നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ത്രീയെന്ന പദവി ശ്രീമതി ഗാന്ധിക്കായിരുന്നു. 1971ല്‍ യു.എസ്.എയില്‍ നടത്തിയ പ്രത്യേക ഗാലപ് പോള്‍ സര്‍വേയില്‍ ലോകത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന പദവിക്ക് അര്‍ഹയായി. ജന്തുസംരക്ഷണത്തിന്, 1971ല്‍ അര്‍ജന്റൈന്‍ സൊസൈറ്റി അവര്‍ക്ക് ഡിപ്‌ളോമ ഓഫ് ഓണര്‍ നല്‍കി.
‘ദ് ഇയേഴ്‌സ് ഓഫ് ചാലഞ്ച്’ (1966-69), ‘ദ് ഇയേഴ്‌സ് ഓഫ് എന്‍ഡവര്‍’ (1969-72), ‘ഇന്ത്യ’ (ലണ്ടന്‍- 1975), ‘ഇന്‍ഡ്’ (ലോസന്‍- 1979) എന്നീ കൃതികളും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ശേഖരങ്ങളും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം വളരെയധികം യാത്രകള്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗഌദേശ്, ഭൂട്ടാന്‍, ബര്‍മ, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബഌക്, ഫെഡറല്‍ റിപ്പബഌക് ഓഫ് ജര്‍മനി, ഗയാന, ഹംഗറി, ഇറാന്‍, ഇറാഖ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അള്‍ജീരിയ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, ചിലി, ചെക്കോസ്‌ളോവാക്യ, ബൊളീവിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും അവര്‍ പോയിട്ടുണ്ട്. ഇതിനു പുറമെ ഇന്തോനേഷ്യ, ജപ്പാന്‍, ജമൈക്ക, കെനിയ, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ന്യസിലന്‍ഡ്, നൈജീരിയ, ഒമാന്‍, പോളണ്ട്, റോമേനിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ, സ്വീഡന്‍, ടാന്‍സാനിയ, തായ്‌ലന്‍ഡ്, ട്രിനിഡാഡ്, ടൊബാഗോ, യു.എ.ഇ., ബ്രിട്ടന്‍, യു.എസ്.എ., യു.എസ്.എസ്.ആര്‍., ഉറുഗ്വേ, വെനസ്വേല, യുഗോസ്ലാവ്യ, സാംബിയ, സിംബാബ്‌വേ എന്നിവയാണ് ശ്രീമതി ഗാന്ധി സന്ദര്‍ശിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍.